kodiyeri-balakrishnan

1994 ൽ ഞാൻ ക്രൈംബ്രാഞ്ച് എസ്.പിയായി കണ്ണൂരിൽ പ്രവർത്തിക്കുന്ന കാലം. അന്ന് കരുണാകരൻ സാറാണ് മുഖ്യമന്ത്രി. ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ നാല്പാടി വാസുകേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി വന്നു. അന്വേഷണം തുടങ്ങി അതിന്റെ തിരക്കിലാണ് ഞങ്ങൾ. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അന്നു തലശ്ശേരി എം.എൽ.എ ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ കടന്നു വന്നു. അദ്ദേഹം എന്നോടു മുഖവുരയൊന്നുമില്ലാതെ പറഞ്ഞു, 'കേസ് നിഷ്പക്ഷമായി അന്വേഷിക്കണം'. ഞാൻ അല്പം നീരസത്തോടെ പറഞ്ഞു 'അങ്ങു പറഞ്ഞാലും ഇല്ലെങ്കിലും നിഷ്പക്ഷമായിത്തന്നെ അന്വേഷിക്കും' അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. 'അതുപോലെ രാഷ്ട്രീയക്കാരനായ എന്റെ ചുമതലയാണ് നിങ്ങളോടിതാവശ്യപ്പെടുക എന്നുള്ളത്. നിഷ്പക്ഷമായി കേസന്വേഷിക്കണം'. അദ്ദേഹം ആവർത്തിച്ചു. ഞാനെന്റെ ഉത്തരം ആവർത്തിച്ചു. ശരി നന്ദി എന്നുപറഞ്ഞ് നിറഞ്ഞ പുഞ്ചിരി മായാതെ എഴുന്നേറ്റ് നടന്നു. മറ്റേത് രാഷ്ട്രീയക്കാരനെയും എന്റെ മറുപടി രോഷാകുലനാക്കിയേക്കാം. എന്നാൽ പുഞ്ചിരിയോടെ കൈകൂപ്പിക്കൊണ്ട് പുറത്തേക്ക്‌പോയ എം.എൽ.എ എന്നെ അത്ഭുതപ്പെടുത്തി.
കോടിയേരി ആഭ്യന്തര മന്ത്രിയായി 2006 ൽ ചുമതലയേറ്റു. അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ പഴയ ആ സംഭവം ഞാൻ ഓർമ്മിപ്പിച്ചു. അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ട് അതു നന്നായി ഓർമ്മിക്കുന്നുണ്ടെന്ന് പറഞ്ഞു. അക്കാര്യത്തിൽ ഒരു നീരസവും എന്നോടില്ലെന്ന് വ്യക്തമായി. പിന്നീടുള്ള അഞ്ച് വർഷങ്ങൾ ഒരു തികഞ്ഞ നേതാവിന്റേയും ഭരണാധികാരിയുടേയും കീഴിൽ ജോലിചെയ്യാൻ അവസരം ലഭിച്ചു. ആ കാലത്താണ്
സിവിൽപോലീസ് ഓഫീസർ എന്ന നാമകരണം നടന്നത്. ഒരുവർഷം പതിനായിരത്തിലധികം പൊലീസുകാരെ റിക്രൂട്ട് ചെയ്തു. ട്രെയിനിംഗ് റിസർവ് സൃഷ്ടിക്കുകയും നടപ്പ് വർഷവും വരുംവർഷവും വരുന്ന മുഴുവൻ ഒഴിവുകളും കണക്കാക്കി ട്രെയിനിംഗ് ആരംഭിക്കുകയും ചെയ്തു. പുതുതായി, ട്രാഫിക് ഐ.ജിപോസ്റ്റ് സൃഷ്ടിച്ചു. ട്രാഫിക്കിനു മാത്രമായി പ്രത്യേകം പ്ലാൻഫണ്ട് അനുവദിച്ചു. റോഡപകടസ്ഥലത്തു നിന്ന് അപകടത്തിൽപ്പെട്ട ആളുകളെ ആശുപത്രിയിലെത്തിക്കാനുള്ള തുക അനുവദിക്കാൻ സർക്കിൾ ഇൻസ്‌പെക്ടർമാർക്ക് പ്രത്യേകം പ്ലാൻ ഫണ്ട് അനുവദിച്ചു. ട്രാഫിക് നിയമങ്ങൾ പപ്പു സീബ്ര എന്ന ട്രാഫിക് മാസ്‌കോട്ടിലൂടെ പൊതുജനങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെ മനസ്സിലെത്തിച്ചു.
ഒരു കാരണവശാലും കസ്റ്റഡി മരണങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന കർശന നിർദ്ദേശം നൽകി. ജസ്റ്റിസ് കെ.ടി.തോമസ് കമ്മിഷന്റെ ഈ നിർദ്ദേശം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി. പൊലീസ് വകുപ്പിന് ആദ്യമായി പ്ലാൻഫണ്ട് അനുവദിച്ചു. ഇത്‌ പൊലീസിലെ ആധുനികവത്‌കരണം ത്വരിതപ്പെടുത്തി. പൊലീസിലെ ഓരോ പരിഷ്‌കാരത്തെ സംബന്ധിച്ചും പൊതുജനങ്ങളുമായി സംവദിക്കാൻ പാസ്സിംഗ് ഔട്ട് പരേഡ്, പൊലീസ് പൊതുജന സമ്പർക്ക സദസ്സുകൾ, പൊതുപരിപാടികൾ ഇവയിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു. പൊലീസ് വകുപ്പിന്റെ പ്രവർത്തനം, നിയമങ്ങൾ, അച്ചടക്കനടപടികൾ ഇവയെക്കുറിച്ചൊക്കെ ഞങ്ങളെപ്പോലുള്ള ഉദ്യോഗസ്ഥർ പത്തോ ഇരുപത്തഞ്ചോ വർഷമെടുത്തു പഠിക്കുകയും പരിശീലിക്കുകയും ചെയ്ത കാര്യങ്ങൾ തികഞ്ഞ വ്യക്തതയോടെ അദ്ദേഹം ഏതാണ്ട് ഒരുകൊല്ലം കൊണ്ടു പഠിച്ചു.
ഏതുസമയത്തും അദ്ദേഹത്തെ ഫോണിൽ വിളിച്ചാൽകിട്ടും. ഏതു കാര്യവും അദ്ദേഹത്തെ നേരിൽകണ്ടോ ഫോണിലൂടെയോ ധരിപ്പിക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അക്കാര്യം തുറന്ന് ചർച്ചചെയ്യാം. ഒന്നുകിൽ അദ്ദേഹം നമ്മൾ പറയുന്ന കാര്യം അംഗീകരിക്കും. അല്ലെങ്കിൽ അദ്ദേഹത്തിന്റെ അഭിപ്രായം കാര്യകാരണ സഹിതം വ്യക്തമാക്കി അത് അംഗീകരിപ്പിക്കും. കൂട്ടായ ഒരു നല്ല തീരുമാനം എന്നതല്ലാതെ ഒന്നും അടിച്ചേൽപ്പിക്കുന്ന പതിവില്ല.
പൊലീസ് നിയമം പരിഷ്‌കരിക്കാൻ തീരുമാനിക്കുമ്പോൾ ജേക്കബ് പുന്നൂസ് സാർ അദ്ധ്യക്ഷനായി ഒരു സമതിയെ നിശ്ചയിച്ചു. അതിന്റെ കൺവീനറായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അതിൽ പ്രവർത്തിച്ചവർ രണ്ടുവർഷം തുടർച്ചയായി ഒരു ലീവുപോലും എടുക്കാതെ പ്രവർത്തിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രിയുടെ ഇച്ഛാശക്തി കൊണ്ടാണ്.
ജസ്റ്റിസ് കെ.ടിതോമസ് കമ്മിഷൻ നിർദ്ദേശിച്ച പ്രകാരം കമ്മ്യൂണിറ്റി പൊലീസിംഗ് സമ്പ്രദായം നടപ്പിലാക്കാൻ തീരുമാനിച്ച് എന്നെ അതിന്റെ പ്രഥമ നോഡൽ ഓഫീസറായി നിയമിച്ചതും തുടർന്നുള്ള പ്രവർത്തനങ്ങളും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണ്. അതെക്കുറിച്ചു ചർച്ച ചെയ്യാനുള്ള പ്രഥമയോഗത്തിലേക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നേതാക്കളെ ആഭ്യന്തരമന്ത്രി നേരിട്ടു ക്ഷണിക്കുകയുണ്ടായി. ആ യോഗത്തിൽ പ്രതിപക്ഷനേതാവിനെ അദ്ധ്യക്ഷനായി അദ്ദേഹം നേരിട്ടു ക്ഷണിച്ചു.
സംസ്ഥാനത്തിന്റെ ആന്തരികസുരക്ഷയെ സംബന്ധിച്ച സുപ്രധാന കാര്യങ്ങളുണ്ടെങ്കിൽ നേരിട്ട് മുഖ്യമന്ത്രി അച്യുതാനന്ദനെ കണ്ടു വിശദീകരിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ അത്തരം അതീവ പ്രാധാന്യമുള്ള കാര്യങ്ങൾ പ്രതിപക്ഷനേതാവിനു കൂടി വിശദീകരിച്ചു കൊടുക്കാൻ ഒന്നോ രണ്ടോ സന്ദർഭങ്ങളിൽ എന്നോടു പറഞ്ഞിട്ടുണ്ട്. (എറണാകുളം റേഞ്ച് ഐ.ജിയായി ഞാൻ ജോലി ചെയ്യുന്ന അവസരത്തിൽ) ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരസുരക്ഷ എപ്രകാരം കൈകാര്യം ചെയ്യണം എന്നുള്ളതിന്റെ ഒരു ക്ലാസിക്കൽ മാതൃക സൃഷ്ടിക്കാൻ ആഭ്യന്തരസുരക്ഷാ വിദഗ്ദ്ധനോട് ആവശ്യപ്പെട്ടാൽ കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തെ കേരളം മാതൃകയാക്കാം.
ജനമൈത്രി സുരക്ഷാ പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കി വരവേ, രണ്ടാം വർഷം 143 നിയമസഭാ മണ്ഡലങ്ങളിലേയും ഓരോ സ്റ്റേഷനിലേക്കു വ്യാപിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ഞാനും ഡി.ജി.പിജേക്കബ് പുന്നൂസ് സാറും അത് ബുദ്ധിമുട്ടാകില്ലേ എന്ന മറുചോദ്യം ഉന്നയിച്ചു. എന്നാൽ അതിനാവശ്യമായ പദ്ധതിതുക അനുവദിക്കുമെന്നും നിങ്ങൾ നടപ്പാക്കാനായി കഠിനാദ്ധ്വാനം ചെയ്താൽ മതിയെന്നുമായിരുന്നു ഉത്തരം. ആ ഇച്ഛാശക്തിയ്ക്കു മുൻപിൽ ഞങ്ങൾ കർമ്മനിരതരായി. ഇന്ത്യയിലാദ്യമായി ഒരു കമ്മ്യൂണിറ്റി പൊലീസിംഗ്‌ ഗ്ലോബൽ കോൺക്ലേവ്‌ കേരള സംസ്ഥാന ഗവൺമെന്റ് 2010 ൽ കൊച്ചിയിൽ വച്ചുനടത്തി. നൂറിലേറെ വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ആ പരിപാടി നടന്ന ദിവസങ്ങളിൽ ഒരു പഠിതാവായി പിൻനിരകളിൽ എവിടെയെങ്കിലുമിരുന്ന് നോട്ടെഴുതുന്ന ആഭ്യന്തരമന്ത്രിയെ കാണാമായിരുന്നു.
പൊലീസുകാരുടെ അന്തസ്സും ആത്മാഭിമാനവും ഉയർത്താൻ സാദ്ധ്യമായതെല്ലാം ജനമൈത്രി സുരക്ഷാ പദ്ധതിയിലുണ്ടായിരുന്നു. അവർക്ക് ആദ്യമായി സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരമൊരുങ്ങി. ഒരു ബീറ്റിന്റെ (ആയിരം വീടുകൾ) സുരക്ഷാ ചുമതല ഒരു പൊലീസുകാരൻ/പൊലീസുകാരിയിൽ അർപ്പിതമാകുമ്പോൾ അയാൾക്കുണ്ടാകുന്ന ഉത്തരവാദിത്തബോധം കണ്ട് പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ട്രാഫിക് നിയമം ലംഘിക്കുന്നവരെ ഉപദേശിച്ച്‌ചോക്കലേറ്റ് നൽകി അയക്കുന്ന സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റുകളെ വഴിയിൽ കാണുന്നതും അക്കാലത്തായിരുന്നു.
സ്ത്രീശാക്തീകരണത്തിനായി ജന്റർ ഫ്ളാഗ്ഷിപ്പ്‌ പ്രോഗ്രാം തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. അതിന്റെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിക്കൊണ്ട് ഞാൻ ഡി.ജി.പിയുടെ അടുത്തെത്തി. വളരെ വലിയ തുകയാണ്, എങ്കിലും എഴുതിയതല്ലേ, മാറ്റണ്ടാ എല്ലാ കാര്യങ്ങളും ഒന്നിനൊന്ന് അത്യാവശ്യമാണല്ലോ എന്നു ഡി.ജി.പി പറഞ്ഞു. പ്രോജക്ടുമായി പ്ലാനിംഗ്‌ ബോർഡിൽ എത്തിയപ്പോൾ ആഭ്യന്തരമന്ത്രി സൂചിപ്പിച്ചിട്ടുണ്ടെന്ന് ചർച്ചയിൽത്തന്നെ മനസ്സിലായി. പ്രോജക്ട് മുഴുവനായി അംഗീകരിച്ചു. അങ്ങനെ വനിതാ ഹെൽപ് ലൈൻ സമ്പ്രദായം കേരളത്തിലെ എല്ലാ ജില്ലകളിലും നിലവിൽവന്നു.
ഒരു സംസ്ഥാനത്തിന്റെ പുരോഗതിയുടെ അടയാളമാണ് ആ സ്ഥലത്തെ ക്രമസമാധാന നില. അതു പൂർണ്ണമായി ഉൾക്കൊണ്ട് പൊലീസിന് അച്ചടക്കത്തിലധിഷ്ഠിതമായി സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കാൻ അവസരം ലഭിച്ച കാലമേതെന്നു ചോദിച്ചാൽ അത്‌ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലമാണെന്ന്‌ പറയാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.