r-ramanand

''ഈ ചിത്രങ്ങളിൾ കാണുന്നത് ഒരു പാറയാണ് അതെ വെറുമൊരു പാറ . പക്ഷേ ഈ പാറ കാണാൻ എടുത്ത ശ്രമം ഒന്ന് പറയട്ടെ . കാശ്മീർ ഇന്ത്യയുടെ മുകുടമാണ്, ഭാരതം എന്ന പുഷ്പവാടിയിലെ സുവർണ്ണ പുഷ്പമാണ്. ഇതൊക്കെ ആയിരുന്നു ഒരുകാലത്ത് കാശ്മീർ എങ്കിൽ ഇന്ന് ഏതുനിമിഷവും എന്തും സംഭവിക്കാവുന്ന ഒരു നാട് ആയിരിക്കുന്നു അത്. പത്ത് മീറ്റർ വ്യത്യാസത്തിൽ ആയുധധാരികളായ സൈനികരും അർദ്ധ സൈനിക വിഭാഗവും പോലീസും വഴിയിൽ ഉടനീളം കാവൽ നിൽക്കുന്നു. പോരാത്തതിന് ഞങ്ങൾ എത്തിയത് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ സന്ദർശിക്കുന്ന ദിവസവും ആയിരുന്നു. ദിനവും ഇത്രയും സുരക്ഷാകരുതൽ ഉള്ളയിടത്ത് കേന്ദ്രമന്ത്രിസഭയിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ചുമതല നിർവഹിക്കുന്ന മന്ത്രി എത്തുന്ന ദിവസം എത്രമാത്രം കൂടുതൽ സുരക്ഷാ കരുതൽ ഉണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ മേൽപ്പറഞ്ഞ പാറ കാണുവാൻ ഉള്ള അതിയായ ആഗ്രഹം എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും തരണം ചെയ്യണം എന്നുള്ള മാനസികാവസ്ഥയിൽ ഞങ്ങളെ എല്ലാവരുടെയും മനസ്സിനെ എത്തിച്ചിരുന്നു. ആയുധധാരിയായ ഒരു പോലീസുകാരനെ വണ്ടിയുടെ മുന്നിൽ ഇരുത്തി യാണ് അങ്ങോട്ട് യാത്ര ചെയ്തത്.

ഈ ചിത്രങ്ങളിൾ കാണുന്നത് ഒരു പാറയാണ് അതെ വെറുമൊരു പാറ . പക്ഷേ ഈ പാറ കാണാൻ എടുത്ത ശ്രമം ഒന്ന് പറയട്ടെ . കാശ്മീർ ഇന്ത്യയുടെ...

Posted by R Ramanand on Friday, 7 October 2022

ഡാച്ചിഗാം നാഷണൽ പാർക്കിന്റെ ഉള്ളിൽ ആണ് ഈ പാറ ഉള്ളത്. ഈശ്വർ ആശ്രമം ട്രസ്റ്റിൽ നിന്ന് വളരെ അടുത്തായിരുന്നു എങ്കിലും ഒരുപാട് ദൂരം ചുറ്റി വളഞ്ഞാണ് അവിടെയെത്താൻ സാധിച്ചത് പലയിടത്തും പോലീസ് തടഞ്ഞു അപ്പോഴൊക്കെ കാശ്മീരിനെ ഉള്ളം കയ്യിൽ അറിയുന്ന ശ്രീ ആനന്ദ തീവാരി ഊടു വഴികളിലൂടെ ഡാച്ചിഗാം ലക്ഷ്യമാക്കി സഞ്ചരിച്ചു. ഒടുവിലാ നാഷണൽ പാർക്കിന് മുമ്പിൽ എത്തി. അതിനുള്ളിൽ ഒരു സിആർപിഎഫ് ക്യാമ്പ് ഉണ്ട് . കാശ്മീരിൽ മൂന്നുദിവസം കർഫ്യൂ ആണ് , ഒരു കാരണവശാലും അകത്തുകയറാൻ പറ്റില്ല എന്നു പറഞ്ഞു. പലതവണ സംസാരിച്ചുവെങ്കിലും അവർ സമ്മതിച്ചില്ല ആനന്ദ് തിവാരി ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെ വിളിച്ച് അകത്തേക്ക് കയറാനുള്ള അനുമതി നേടിയെടുത്തു. പക്ഷേ പാറയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ വെച്ച് ഞങ്ങളുടെ വാഹനം സിആർപിഎഫ് തടഞ്ഞു. ആരു പറഞ്ഞാലും മുകളിലേക്ക് വിടില്ല എന്നവർ ശാഠ്യം പിടിച്ചു. മൂവായിരത്തോളം കിലോമീറ്റർ അകലെ നിന്ന് ഈ പാറ കാണണം എന്ന് ആശിച്ച് ഇത്രയും സുരക്ഷ കവചങ്ങൾ കടന്നു എത്തിയിരിക്കുന്നത് ഞങ്ങൾ അഞ്ച് കിലോമീറ്റർ അകലെ തടഞ്ഞു നിൽക്കുകയാണ്. ഈ പാറമേൽ കത്തിക്കാൻ ഒരു ദീപം ശ്രീ ജോർജ് ബലേസാർ തന്നു വിട്ടിരുന്നു. ആ പുഴയിൽ നിക്ഷേപിക്കാൻ അല്പം പുഷ്പങ്ങളും , ആ പാറ കാണാൻ ഒരു അനുമതി ആരാണ് ഞങ്ങൾക്ക് തരിക? ആ പാറ കാണാൻ അനുമതി തരേണ്ടത് അവനല്ലേ ? അവൻ ആ അനുമതി തന്നാൽ പിന്നെ ആർക്കാണ് അത് തടയാനാവുക! പക്ഷേ ഞങ്ങൾ ആരും അവനോട് അനുമതി ചോദിച്ചില്ലല്ലോ?

ഞങ്ങൾ കയ്യിലിരുന്ന ദീപം കത്തിച്ച് പുഷ്പങ്ങൾ ഒഴുകിവരുന്ന ആ ജലത്തിലേക്ക് പ്രാർത്ഥനാപൂർവ്വം നിക്ഷേപിച്ചു , അവനോട് ഹൃദയം കൊണ്ട് ചോദിച്ചു, വന്നു കണ്ടോട്ടെ? സിആർപിഫ് കാർ ഞങ്ങളോട് വിളിച്ചുപറഞ്ഞു അനുമതി കിട്ടിയിട്ടുണ്ട് .... അവൻ ആ അനുമതി തന്നിരിക്കുന്നു. ഞങ്ങൾ ഉത്സാഹപൂർവ്വം വാഹനത്തിൽ ഓടി കയറി. ശിരസ്സ് നമ്രമായിരുന്നു ഹൃദയം പ്രാർത്ഥനാഭരവും . അഞ്ചു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ച് സിആർപിഎഫ് ക്യാമ്പിന്റെ അടുത്ത് വണ്ടി നിർത്തി കാട്ടിനുള്ളിലേക്ക് നടന്നു കയറണം. പത്തു മിനിറ്റ് നടന്നാൽ ഈ പാറയുടെ അടുത്ത് എത്താം. മന്ത്രമുഖരിതമായി ഒഴുകുന്ന ഒരു കുഞ്ഞു നദിക്കരികെ ശിരസുയർത്തി നിൽക്കുന്ന മഹേന്ദ്ര പർവതത്തിന്റെ താഴ്വരയിൽ അതാ ആ പാറ . ഞങ്ങൾ അവിടേക്ക് നടന്നു നീങ്ങി പാറയിൽ വീണ് സാഷ്ടാംഗ നമസ്കാരം ചെയ്തു. തലയുയർത്തിയപ്പോൾ കൂടെ വന്ന ആനന്ദ തീവാരി എന്റെ മുഖത്തേക്ക് അത്ഭുതം കലർന്ന ഭാവത്തോടെ നോക്കി നിൽക്കുന്നു. ജീവൻ പണയം വെച്ച് ഇത്രയും സുരക്ഷാ കവചങ്ങൾ ഭേദിച്ച് ആരെയൊക്കയോ വിളിച്ചു ഈ കാട്ടിനുള്ളിൽ കയറിയത് ഈ പാറ കാണാൻ ആണോ എന്ന ഭാവമായിരുന്നു ആ മുഖത്ത് . ശരിയാണ് ഈ ചിത്രം കാണുന്ന ആർക്കും തോന്നാം ഏത് നദിക്കരികിലും ഉള്ള ഒരു സാധാരണ പാറ അത് കാണാനാണോ ഇത്രയും ശ്രമം ? അതും കാശ്മീരിൽ അസന്ധിഗ്ദാവസ്ഥകൾക്ക് നടുവിൽ ?

എന്നാൽ നിങ്ങൾക്കറിയുമോ ഈ പാറ എന്താണെന്ന് ? ചൈതന്യമാണ് ആത്മാവ് എന്ന് പറഞ്ഞു തുടങ്ങുന്ന ശിവസൂത്രം തെളിഞ്ഞുവന്ന പാറയാണിത്. ഏഴാം നൂറ്റാണ്ടിൽ വസുഗുപ്തൻ എന്ന ശിവയോഗിയ്ക്ക് സ്വപ്നത്തിൽ ശിവൻ പ്രത്യക്ഷപ്പെട്ടു കൊണ്ട് മഹേന്ദ്രപർവ്വതത്തിലെ ശങ്കരപാല പാറയിൽ ശിവസൂത്രങ്ങൾ ഞാൻ എഴുതിയിരിക്കുന്നു എന്ന് ശിവൻ അരുളി. പിറ്റേന്ന് ഈ പാറമേൽ ആണ് ബോധത്തിന്റെ 77 സൂത്രവാക്യങ്ങൾ തെളിഞ്ഞുവന്നത്.

അവന്റെ പാറ കാണാൻ അവനല്ലാതെ മറ്റാരാണ് അനുമതി തരേണ്ടത് ? അവനത് തന്നാൽ ആർക്കാണ് അത് തടയാൻ ആവുക.

(ശിവം മാസികയുടെ എഡിറ്ററും കത്തനാർ എന്ന ജയസൂര്യ ചിത്രത്തിന്റെ തിരക്കഥാകൃത്തുമാണ് ലേഖകൻ)