jk-menon

ബിസിനസ് രംഗത്തെ യുവ പ്രതിഭകള്‍ക്കായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കേരള ഇനിഷ്യേറ്റീവ്- കേരളീയം ഏര്‍പ്പെടുത്തിയ പുരസ്ക്കാരത്തിന് ജെ.കെ.മേനോന്‍ അര്‍ഹനായി. മുന്‍ ലോക കേരള സഭാംഗവും ഗ്ലോബല്‍ കേരള ഇനിഷ്യേറ്റീവ്- കേരളീയം യു.കെ. ചാപ്റ്റര്‍ ചെയര്‍മാനുമായിരുന്ന ടി.കെ.ഹരിദാസിന്‍റെ നാമധേയത്തിലുള്ള പ്രഥമ പുരസ്ക്കാരമാണ് ജെ.കെ.മേനോന് ലഭിക്കുന്നത്. ഒക്ടോബര്‍ ഒമ്പതിന് ലണ്ടനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്ക്കാരം സമ്മാനിക്കും.

ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് മേഖലയിലെ ജെ.കെ.മേനോന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസക്കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ലോകത്തിന് മുന്നില്‍ നവീന ബിസിനസ് മാതൃകകള്‍ നടപ്പാക്കി വിജയിച്ചുവെന്ന നേട്ടങ്ങളും, യംഗ് ബിസിനസ് ഐക്കണായി മാറിയെന്നതും കണക്കിലെടുത്താണ് ജെ.കെ. മേനോനെ പുരസ്ക്കാരത്തിന് അര്‍ഹമാക്കിയതെന്ന് ഗ്ലോബല്‍ കേരള ഇനിഷ്യേറ്റീവ്- കേരളീയം ഭാരവാഹികള്‍ വ്യക്തമാക്കി.


ഖത്തര്‍ ആസ്ഥാനമായ എബിഎന്‍ കോര്‍പ്പറേഷന്‍റെ ചെയര്‍മാനാണ് ജെ.കെ.മേനോന്‍. ഖത്തറിലെ ഇന്ത്യക്കാരുടെ വിവിധ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലും, ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികളുടെയും നേതൃത്വ നിരയില്‍ ജെ.കെ.മേനോനുണ്ട്. അന്തരിച്ച പിതാവ് പത്മശ്രീ അഡ്വക്കറ്റ് സി.കെ.മേനോന്‍റെ സ്മരണാര്‍ത്ഥം നിര്‍ദ്ധനരായവര്‍ക്കുള്ള വീടു നിര്‍മിച്ചു നല്‍കുന്ന ഭവനപദ്ധതി കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്നുണ്ട്. പത്മശ്രീ അഡ്വക്കറ്റ് സി.കെ.മേനോന്‍റെ സ്മരണാര്‍ത്ഥം രൂപികരിച്ച ട്രസ്റ്റിലൂടെ തന്‍റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ സമാനതകളിലാതെ നടപ്പാക്കുന്ന വ്യക്തിത്വമാണ് ജെ.കെ.മേനോന്‍.

നോര്‍ക്ക ഡയറക്ടര്‍, കേരള സര്‍ക്കാരിന്‍റെ ഇന്‍കല്‍ ഡയറക്ടര്‍,ഖത്തര്‍ ഐബിപിസി ചെയര്‍മാന്‍,ഖത്തര്‍ ടി.ജെഎസ് വി യുടെ മുഖ്യ രക്ഷാധികാരി തുടങ്ങിയ പദവികളിലും ജെ.കെ.മേനോന്‍ പ്രവര്‍ത്തിച്ചുവരികയാണ്.

ഒക്ടോബര്‍ ഒമ്പതിന് ലണ്ടനില്‍വച്ച് കേരള മുഖ്യമന്ത്രി ജെ.കെ.മേനോന് പുരസ്ക്കാരം സമ്മാനിക്കും. യൂറോപ്യന്‍ മേഖലയിലെ ലോക കേരള സഭാംഗങ്ങള്‍ സന്നിഹിതരാകുന്ന ചടങ്ങില്‍ ഗ്ലോബല്‍ കേരള ഇനിഷ്യേറ്റീവ്- കേരളീയം ചെയര്‍മാനും, രാജ്യസഭ അംഗവുമായ അബദുള്‍ വഹാബ്, വര്‍ക്കിംഗ് ചെയര്‍മാന്‍ ജി.രാജമോഹന്‍ എന്നിവര്‍ പങ്കെടുക്കും.