
ഒരു സമൂഹജീവിയായതിനാൽ മനുഷ്യന് കുടുംബാംഗങ്ങളോടൊപ്പം കഴിയാനാണ് ഏറെ താൽപ്പര്യം. പലപ്പോഴും ജീവിതത്തിലുണ്ടാകുന്ന ഒറ്റപ്പെടൽ പല മനുഷ്യർക്കും താങ്ങാനാവുന്നതല്ല. സന്തോഷവും ദുഃഖവും പങ്കിടാനും ജീവിതത്തിൽ ഒരു ഉയർച്ചയിലും വീഴ്ചയുണ്ടാവുമ്പോൾ താങ്ങായി ഒപ്പം നിൽക്കാനും ഒരു പങ്കാളിയെ പലരും ആഗ്രഹിക്കുന്നു.
ഭാവിയെ പറ്റി ഒരിക്കലും കൃത്യമായി പ്രവചിക്കാൻ സാധിക്കുന്നതല്ല. നമ്മൾ എടുക്കുന്ന തീരുമാനങ്ങളനുസരിച്ച് ഭാവി മാറിക്കൊണ്ടിരിക്കുന്നതാണ്. എന്നാൽ നിങ്ങളുടേത് പ്രണയവിവാഹമാണോ അല്ലയോ എന്ന് ഹസ്തരേഖയിലൂടെ മനസിലാക്കാൻ സാധിക്കും. നിങ്ങളുടെ കൈ നോക്കി എങ്ങനെ ഇക്കാര്യം മനസിലാക്കാം എന്ന് നോക്കാം.
ഹൃദയ രേഖ
പ്രണയവും വിവാഹവുമെല്ലാം ഹൃദയരേഖയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയരേഖ ചെറുവിരലിന് താഴെ കൈപ്പത്തിയുടെ അറ്റം വരെ മുട്ടുകയും ചൂണ്ടുവിരലിന്റെ ഭാഗത്തേക്ക് വളഞ്ഞിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത്തരം വ്യക്തികളുടേത് പ്രണയവിവാഹമാകാൻ സാദ്ധ്യത കൂടുതലാണ്. എന്നാൽ ചൂണ്ടുവിരലിന്റെ എതിർദിശയിൽ ഹൃദയരേഖ താഴേയ്ക്ക് വളയുന്നുണ്ടെങ്കിൽ അത്തരം വ്യക്തികളുടെ പ്രണയം വിജയിക്കുന്നതല്ല.
ശിരോ രേഖ
കൈയുടെ മദ്ധ്യത്തിൽ വരുന്ന രേഖയാണ് ശിരോ രേഖ. ആയുർ രേഖയും ശിരോ രേഖയും കൂട്ടിമുട്ടുന്നുണ്ടെങ്കിൽ അവർ പരമ്പരാഗത ചിന്തകളുള്ളവരാകുന്നു. എന്നാൽ ഈ രേഖകൾ ഒന്നിച്ച് ആരംഭിക്കാതെയോ കൂട്ടിമുട്ടാതെയോ ഇവ തമ്മിൽ അകലം കൂടുന്നതായി കാണപ്പെടുകയോ ചെയ്യുകയാണെങ്കിൽ പരമ്പരാഗത രീതികളെ ധിക്കരിക്കാനുള്ള താൽപ്പര്യം ഇവരിൽ കൂടുതലായിരിക്കും. ഇവർക്ക് പ്രണയബന്ധമുണ്ടെങ്കിൽ നിശ്ചയദാർഢ്യത്താൽ അത് തീർച്ചയായും നടക്കുന്നതാണ്.
വിരലുകൾ
വിരലുകളുടെ അവസാന ഭാഗത്തായി വട്ടത്തിൽ ചിഹ്നങ്ങൾ കാണുന്നുണ്ടെങ്കിൽ ഇവർക്ക് ജീവിതത്തിൽ പ്രണയമുണ്ടാകാനും വിവാഹത്തിൽ എത്തിച്ചേരാനും സാദ്ധ്യത കൂടുതലാണ്.
ചൂണ്ടുവിരൽ
ചൂണ്ടുവിരലിന് താഴെയായി കൈപ്പത്തിയിൽ ക്രോസ് ചിഹ്നം കാണുന്നുണ്ടെങ്കിൽ ഇത്തരം വ്യക്തികളുടെ വിവാഹജീവിതം സന്തോഷകരമാകുന്നതാണ്. കൂടാതെ പെരുവിരലിന് താഴെയായി ചതുര ചിഹ്നം കാണുന്നതും കുടുംബജീവിതത്തിൽ സന്തോഷം നിറയുമെന്നതിന്റെ സൂചനയാണ്. ഇത്തരം വ്യക്തികളിൽ പ്രണയവിവാഹമല്ല നടക്കുന്നതെങ്കിലും അവർ സന്തോഷമായി ജീവിക്കുന്നതാണ്.