shafali

സിൽഹെറ്റ്: വനിതാ ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വെള്ളിയാഴ്ച പാകിസ്ഥാനോട് 13 റൺസിന്റെ തോൽവി വഴങ്ങിയ ഇന്ത്യ ഇന്നലെ ബംഗ്ലാദേശിനെ 59 റൺസിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്കായി ദീപ്തി ശ‌ർമ്മയും ഷഫാലി വ‌ർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 36 റൺസെടുത്ത നിഗ‌ർ സുൽത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ സ്മൃതി മന്ഥന ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ ഷെഫാലിയാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. 44 പന്തിൽ 2 സിക്സും 5 ഫോറും ഉൾപ്പെടെ ഷഫാലി 55 റൺസ് നേടി. ഓപ്പണിംഗ് വിക്കറ്റിൽ ഷഫാലിയും സ്മൃതിയും (38 പന്തിൽ 47) 12 ഓവറിൽ കൂട്ടിച്ചേർത്ത 96 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിലെ നട്ടെല്ലായത്. 24 പന്തിൽ പുറത്താകാതെ 35 റൺസെടുത്ത ജെമിമ റോഡ്രിഗസ് അവസാന ഓവറുകളിൽ ഇന്ത്യൻ സ്കോർ ഉയർത്തി. റുമാന അഹമ്മദ് ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. പോയിന്റ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബംഗ്ലാദേശ് നാലാമതാണ്.