ff

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിര‌ഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് വൈകിട്ടോടെ അവസാനിച്ചപ്പോൾ മത്സര രംഗത്ത് മുതിർന്ന നേതാവ് മല്ലികാർജുന ഖാർഗെയും ശശി തരൂരും എം.പിയും. ഇരുവരെയും സ്ഥാനാർത്ഥികളായി തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ മധുസൂദനനൻ മിസ്ത്രി വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നുമുതൽ ഇരു സ്ഥാനാ‌ർത്ഥികൾക്കും ഔദ്യോഗികമായി പ്രചാരണം നടത്താം. 17ന് രഹസ്യ ബാലറ്റ് വഴിയായിരിക്കും വോട്ടെടുപ്പ്. 19നാണ് വോട്ടെണ്ണൽ. അന്നു തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ബാലറ്റ് വഴി വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കും. എ.ഐ.സി.സി ആസ്ഥാനത്തും ഭാരത് ജോഡോ ബൂത്തും അടക്കം 69 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിക്കുകയെന്നും മിസ്ത്രി അറിയിച്ചു .

അതേസമയം പരസ്യ പിന്തുണ ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കൾക്കെതിരെ ശശി തരൂർ പരാതി നൽകിയിട്ടില്ലെന്നു് മധുസൂദൻ മിസ്ത്രി പറഞ്ഞു. മറ്റൊരു സംസ്ഥാനത്തെ കുറിച്ച് തരൂർ പരാതി നൽകിയിട്ടുണ്ട്. അത് പരിശോധിക്കും. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ലെന്നും മിസ്ത്രി വ്യക്തമാക്കി. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നു എന്നാണ് ശശി തരൂർ പരാതി നൽകിയത്. ഭാരവാഹിത്വം രാജി വയ്ക്കാതെ പോലും ഖാർഗെക്ക് പിന്നിൽ നേതാക്കൾ അണിനിരക്കുന്നതിലാണ് തരൂർ തന്റെ അതൃപ്തി തുറന്നുപറഞ്ഞത്.