veena-george

താമരശ്ശേരി: കോഴിക്കോട് മെഡിക്കൽ കോളേജിൽ അഞ്ചു വർഷം മുമ്പ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് മന്ത്രിയുടെ നിർദ്ദേശം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

2017 നവംബർ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്നാണ് പരാതി.

വയറ്റിൽ കുടുങ്ങിയ കത്രികയുമായി 30 കാരിയായ ഹർഷിന അഞ്ചുവർഷമായി ദുരിത ജീവിതം നയിക്കുകയായിരുന്നു. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ ഗുരുതര അനാസ്ഥയാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്ന് അവർ ആരോപിച്ചു. നിരവധി ചികിത്സകൾ നടത്തിയെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. നടക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടായി. കഴിഞ്ഞ മാസം യൂറിനൽ ഇൻഫെക്‌ഷനെ തുടർന്ന് പ്രശ്നം ഗുരുതരമായപ്പോൾ സ്വകാര്യ ആശുപത്രിയിൽ നിന്ന് സി.ടി. സ്കാൻ ചെയ്തതോടെയാണ് കത്രിക വയറ്റിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. 11 സെന്റീമീറ്റർ നീളമുള്ള കത്രികയാണ് പുറത്തെടുത്തത്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതിനാൽ പഴുപ്പും നീരും വന്ന അവസ്ഥയിലായിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നൽകിയിരുന്നു.