
കാസർകോട്: അധികാരം നിലനിർത്താൻ ജനങ്ങളെ വർഗീയമായി വിഭജിച്ച് തങ്ങൾക്കനുകൂലമാക്കുകയാണ് മോദി സർക്കാരെന്ന് സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ.കെ പദ്മനാഭൻ പറഞ്ഞു.
കാസർകോട് ടൗൺ ഹാളിൽ നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻ.എഫ്. പി .ഇ) ജി.ഡി.എഫ് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാർ സ്വാതന്ത്ര്യത്തിന് മുമ്പ് നടപ്പാക്കിയ തന്ത്രമാണ് ബി.ജെ.പി സർക്കാരും പ്രയോഗിക്കുന്നത്. ജനങ്ങളെ ഹിന്ദുവെന്നും മുസ്ലിമെന്നും വിഭജിച്ച് ഭൂരിപക്ഷ വർഗീയത ആളിക്കത്തിച്ച് രാജ്യം ഭരിക്കാമെന്നാണ് അവർ കരുതുന്നത്. പൗരത്വ പ്രശ്നത്തിലും കാശ്‌മീർ വിഷയത്തിലും ഇതാണ് നടപ്പാക്കിയത്. തൊഴിൽ മേഖലയിലും അതേ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വീരേന്ദ്ര ശർമ്മ അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് പി. വി രാജേന്ദ്രൻ, സി.സി പിള്ള, കെ. വി ശ്രീധരൻ, പി.കെ മുരളീധരൻ, തുടങ്ങിയവർ സംസാരിച്ചു, വൈകിട്ട് പ്രകടനം നടന്നു. പൊതു സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പി.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ മുതൽ പ്രതിനിധി സമ്മേളനം നടക്കും.