pak

കറാച്ചി: ഗിൽഗിറ്റ് - ബാൾട്ടിസ്ഥാൻ മേഖലയിൽ നിന്നുള്ള മന്ത്രിയും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐയിലെ അംഗവുമായ അബൈദ് ഉല്ലാ ബെയ്‌ഗിനെ ഭീകരർ തട്ടിക്കൊണ്ടുപോയെന്നും ചർച്ചകൾക്കൊടുവിൽ വിട്ടയച്ചെന്നും റിപ്പോർട്ട്. ഗിൽഗിറ്റ് - ബാൾട്ടിസ്ഥാൻ മന്ത്രിസഭയിലെ ധന,​ വ്യവസായ,​ വാണിജ്യ,​ തൊഴിൽ മന്ത്രിയാണ് അബൈദ്. വെള്ളിയാഴ്ച രാത്രി ഇസ്ലാമാബാദിൽ നിന്ന് ബബൂസറിലേക്കുള്ള യാത്രയ്ക്കിടെയാണ് മന്ത്രിയെ തെഹ്‌രീക് - ഇ - താലിബാനിൽപ്പെട്ട തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നംഗ പർവത ഭീകരാക്രമണത്തിന്റെ ആസൂത്രകൻ ഹബിബുർ റഹ്‌മാനും സംഘവുമാണ് തട്ടിക്കൊണ്ടു പോയത്.

തീവ്രവാദികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ മന്ത്രിയെ ഇന്നലെ രാവിലെ വിട്ടയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. 2013ൽ നംഗപർവതത്തിൽ വച്ച് പാരാമിലിട്ടറി വേഷധാരികളായ തീവ്രവാദികൾ പത്ത് വിദേശ സഞ്ചാരികളെ വധിച്ചിരുന്നു. ഈ സംഭവത്തിൽ ജയിലിലുള്ള തീവ്രവാദികളെ 10 ദിവസത്തിനുള്ളിൽ മോചിപ്പിക്കണമെന്ന ഉപാധിയോടെയാണ് മന്ത്രിയെ വിട്ടയച്ചതെന്ന് സൂചനയുണ്ട്.