temple

പ്രാ‌ർത്ഥനാപൂർണമായ മനസോടെ ,​വ്രതശുദ്ധിയോടെ ഇഷ്‌ടദേവനെ,​ ദേവതയെ വണങ്ങി അനുഗ്രഹം തേടുന്ന ഇടമാണ് ഒരാളെ സംബന്ധിച്ച് ക്ഷേത്രം. പൊതുവിൽ ക്ഷേത്രങ്ങൾക്കെല്ലാം ഓരോ പ്രത്യേകതകളുണ്ടാകും. ഓരോയിടത്തും ദർശനത്തിനെത്തേണ്ട സമയം,​ വസ്‌ത്രധാരണം,​ പാലിക്കേണ്ട മര്യാദകൾ ഇങ്ങനെ എല്ലാ കാര്യങ്ങളിലും വ്യത്യാസമുണ്ടാകും. ഒരേ ദേവന്റെ തന്നെ വിവിധ ഭാവത്തിലുള‌ള പ്രതിഷ്‌ഠകൾക്കനുസരിച്ച് ക്ഷേത്രാചാരങ്ങളിൽ മാറ്റങ്ങൾ വരാം.

ക്ഷേത്രദർശനത്തിന് പുറപ്പെടുമ്പോൾ കുളിച്ച് ശുദ്ധിയായി,​ ഭക്തിയോടെ വേണം പോകാൻ. പൂജാരിമാരെ തൊടാൻ പാടില്ല മാത്രമല്ല മുഷിഞ്ഞ വസ്‌ത്രം പാടില്ല. ഈശ്വരന് സമർപ്പിക്കാൻ കർപ്പൂരമോ പൂക്കളോ നാണയമോ എണ്ണയോ അങ്ങനെ എന്തെങ്കിലും കൈയിൽ കരുതുന്നത് ഉചിതമാണ്. ഇനി ക്ഷേത്രത്തിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് എന്താണ്?​

പ്രധാന ദേവനെയാണോ ആദ്യം വണങ്ങേണ്ടത്. അല്ല. ഓരോ ദേവന്മാർക്കും വാഹനങ്ങൾ ക്ഷേത്രത്തിലുണ്ടാകും. ആ വാഹനത്തെ ആദ്യം വണങ്ങണം. ശേഷം ദേവന്റെ ദ്വാരപാലകരെ വണങ്ങണം. ഓരോ ദേവന്മാർക്കും ദ്വാരപാലകരുടെ എണ്ണം വ്യത്യസ്‌തമാണ്. ഇവരെ വണങ്ങി അനുമതി വാങ്ങിയാണ് ദേവനെ വണങ്ങുക. ശേഷം ഗർഭഗൃഹത്തിലെ ശ്രീകോവിലിലുള‌ള ദേവനെ വണങ്ങുക. ക്ഷേത്ര ശ്രീകോവിൽ തുറക്കും മുൻപ് പൂജാരിമാർ മണിയടിച്ച് അനുമതി വാങ്ങാറുണ്ട്. ഇത്തരത്തിൽ കൃത്യമായി ചിട്ടയിലാകണം ക്ഷേത്രദർശനം.