
തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷ് ഇനി പുതിയ ലുക്കിൽ. വിദ്യാർത്ഥി സംഘടന കാലം മുതൽ എം.ബി. രാജേഷെന്ന് രാഷ്ട്രീയ പ്രവർത്തകനെ കേരളം കണ്ട താടി വച്ച ലുക്കിൽ നിന്ന് താടിയില്ലാത്ത ലുക്കിലേക്കാണ് പരിവർത്തനം. താടിയില്ലാത്ത ഫോട്ടോ ഫേസ്‌ബുക്ക്പേജിന്റെ പ്രൊഫൈൽ പിക്ചറാക്കിയാണ് മന്ത്രി ഞെട്ടിച്ചത്. നിമിഷങ്ങൾക്കകം തന്നെ ഫോട്ടോ വൈറലായി.
പുതിയ ഫോട്ടോ കൊള്ളാമെന്നും താടിയുള്ള ലുക്കാണ് നല്ലതെന്നും തുടങ്ങി നിരവധി കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. മീശയ്ക്ക് വയലാർ അവാർഡ് ലഭിച്ചത് കൊണ്ടാണോ താടി വേണ്ടാ എന്നുവച്ചത് എന്നുള്ള കമന്റുകളുമുണ്ട്. താടിയെടുത്തതിനെ ക്കുറിച്ച് എം.ബി. രാജേഷ് പറയുന്നതിങ്ങനെ. തലെയേക്കാൾ വേഗം താടി നരയ്ക്കുന്നു. മൊത്തത്തിലുള്ള ആ പൊരുത്തക്കേട് പരിഹരിക്കാൻ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിനോട് താത്പര്യമില്ല. അതുകൊണ്ട് അധികമൊന്നും ആലോചിക്കാതെ താടിയങ്ങ് മാറ്റി. താടിയില്ലാത്ത രൂപത്തോട് ആദ്യ പ്രതികരണവും വിമര്‍ശനവുമെല്ലാം വീട്ടിൽ നിന്ന് തന്നെയായിരുന്നു. താടിയില്ലാതെ കൊള്ളില്ലെന്ന് അഭിപ്രായപ്പെട്ട ഭാര്യ നിനിത കണിച്ചേരി പക്ഷെ വ്യക്തിപരമായ തീരുമാനത്തെയും താൽപര്യത്തേയും മാനിക്കുന്നു എന്നും രാജേഷ് വ്യക്തമാക്കി.