gg

കൊച്ചി∙ തോപ്പുംപടിയിൽ സ്വകാര്യബസിന്റെ മരണപ്പാച്ചിലിൽ ജീവൻ നഷ്ടമായി പ്രവാസി മലയാളി. ഇടക്കൊച്ചി ചാലേപ്പറമ്പിൽ ലോറൻസ് വർഗീസ് (61)​ ആണ് മരിച്ചത്. ബൈക്ക് റോ‌ഡരികിൽ പാർക്ക് ചെയ്ത ശേഷം സമീപത്തേക്ക് കടയിലേക്ക് പോകുന്നതിനിടെ ലോറൻസിനെ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കൊച്ചി തോപ്പുംപടി കൊച്ചുപള്ളിക്ക് സമീപം ശനിയാഴ്ച വൈകിട്ട് ആറേമുക്കാലോടെയായിരുന്നു അപകടം.

കാക്കനാട് ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ഷാന എന്ന ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ലോറൻസിനെ നാട്ടുകാർ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരനായതിനാൽ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രാത്രി ഒൻപത് മണിക്ക് മരണം സംഭവിച്ചു. കഴിഞ്ഞ ദിവസമാണ് ലോറൻസ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. അനിലയാണ് ഭാര്യ . മക്കൾ അഞ്ചു,​ അന്ന.