kk

ന്യൂഡൽഹി: ഉദ്ധവ് താക്കറെ,​ ഏക്‌നാഥി ഷിൻഡെ വിഭാഗങ്ങൾ തമ്മിൽ ത‌ർക്കം തുടരുന്ന സാഹചര്യത്തിൽ ശിവസേനയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഇലക്ഷൻ കമ്മിഷൻ മരവിപ്പിച്ചു. തർക്കം പരിഹരിക്കുന്നതു വരെ ഇരുവിഭാഗങ്ങൾക്കും ചിഹ്നം ഉപയോഗിക്കാൻ അധികാരമില്ല. തിരഞ്ഞെടുപ്പ് ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ച് ഇരു വിഭാഗങ്ങളും രംഗത്ത് വന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി

വരുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചിഹ്നം ഉപയോഗിക്കാൻ അവകാശവാദം ഉന്നയിച്ചാണ് ഇരുവിഭാഗങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച ചിഹ്നങ്ങളിൽ എതെങ്കിലും ഒരെണ്ണം ഇരുപക്ഷക്കാർക്കും തിര‌ഞ്ഞെടുക്കാമെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു. ഇരുകൂട്ടരും തങ്ങളുടെ ഗ്രൂപ്പുകളുടെ പേര് എന്താണെന്ന് ഒക്ടോബർ പത്തിന് ഉച്ചയ്ക്ക് ഒന്നിന് മുൻപ് വ്യക്തമാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിൽ പറയുന്നു.

.ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യം സർക്കാരിനെ ബി.ജെ.പി പിന്തുണയോടെ അട്ടിമറിച്ചാണ് ഒരു വിഭാ​ഗം ശിവസേനാ എം.എൽ.എമാർ ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ഇത് കഴിഞ്ഞ് നാല് മാസത്തിനു ശേഷമാണ് പാർട്ടി ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരിക്കുന്നത്.

യഥാർത്ഥ ശിവസേന തങ്ങളാണെന്നാണ് ഇരു പക്ഷവും അവകാശപ്പെടുന്നത്. സാങ്കേതികമായി ശിവസേനയുടെ നേതൃസ്ഥാനത്ത് ഉദ്ധവ് താക്കറെ തന്നെയാണുള്ളത്. ഷിൻഡെ വിഭാ​​ഗത്തിനൊപ്പമുള്ള എം.എൽ.എമാരുടെ അയോ​ഗ്യത സംബന്ധിച്ച ഹർജി സുപ്രീംകോടതിയുടെ പരി​ഗണനയിലായതിനാൽ അവരുടെ എണ്ണം പരി​ഗണിക്കരുതെന്ന് ശിവസേന തിരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. യഥാർത്ഥ ശിവസേന ആരാണെന്ന തർക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ പറഞ്ഞത്. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ യഥാർത്ഥ പിൻ​ഗാമികൾ തങ്ങളാണെന്നാണ് ഇരുപക്ഷവും വാദിക്കുന്നത്. തങ്ങളാണ് യഥാർത്ഥ ശിവസേനയെന്ന് തെളിയിക്കാൻ പാർട്ടി പ്രവർത്തകരുടെ പിന്തുണ തേടിയിരിക്കുകയാണ് ഉദ്ധവ് താക്കറെ. അഞ്ച് ലക്ഷത്തിലധികം പ്രവർത്തകരുടെ പിന്തുണ തെളിയിക്കുകയാണ് ലക്ഷ്യം. നവംബർ മൂന്നിനാണ് ഈസ്റ്റ് അന്ധേരിയിൽ ഉപതിരഞ്ഞെടുപ്പ്.