
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെയുള്ള പ്രതിഷേധം 54ാം ദിവസത്തിലേയ്ക്ക് എത്തിനിൽക്കേ സമരം മൂലമുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കാൻ ശുപാർശ. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് സർക്കാരിന്റെ തുറമുഖ നിർമാണ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സർക്കാരിന് കത്ത് നൽകി. ശുപാർശ അടങ്ങുന്ന കത്ത് വെള്ളിയാഴ്ച കമ്പനി തുറമുഖ വകുപ്പിന് കൈമാറി.
നാലായിരം കോടി രൂപ മുതൽമുടക്കിക്കഴിഞ്ഞ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം ഒരു വിഭാഗത്തിന്റെ സമരംമൂലം മുടങ്ങിയതോടെ പ്രതിദിനം രണ്ട് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലിശയിനത്തിൽ മാത്രം 106 കോടിരൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. സർക്കാരും പൊലീസും പലതവണ ഇടപെട്ടിട്ടും അനുനയത്തിന്റെ സൂചന പോലുമില്ലാത്ത സമരത്തിന്റെ നഷ്ടം ലത്തീൻ അതിരൂപത തന്നെ ഏറ്റെടുക്കണമെന്നാണ് കമ്പനി ആരോപിക്കുന്നത്.
ഹൈക്കോടതി നിർദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് തുറമുഖ കവാടത്തിൽ സമരം നടക്കുന്നത്. അതിനാൽ നഷ്ടം ഈടാക്കുന്നതിനുള്ള നോട്ടീസ് ലത്തീൻ അതിരൂപതയ്ക്ക് നൽകണം. സാധാരണ സമരങ്ങളിലുണ്ടാകുന്ന നഷ്ടം രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഈടാക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം വിഴിഞ്ഞം സമരത്തിലും ബാധകമാണെന്നും കമ്പനി കത്തിൽ പറയുന്നു.
അതേസമയം, തീരജനതയോടുള്ള വെല്ലുവിളിയാണ് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിന്റെ നടപടിയെന്ന് ശുപാർശയ്ക്കെതിരെ ലത്തീൻ അതിരൂപത പ്രതികരിച്ചു. ഇക്കാര്യത്തിൽ തത്‌കാലം കടുത്ത നടപടികൾ വേണ്ടെന്നാണ് സർക്കാരിന്റെയും തീരുമാനം. സീപോർട്ട് ലിമിറ്റഡിന്റെ നിർദേശം തത്‌ക്കാലം സർക്കാർ പരിഗണിക്കില്ല. പ്രശ്നം ചർച്ചകളിലൂടെതന്നെ പരിഹരിക്കാനാണ് സർക്കാരിന്റെ നീക്കം.