police

തിരുവനന്തപുരം : ഉള്ളൂർ പ്രശാന്ത് നഗറിലെ മൂലൈക്കോണം ശിവക്ഷേത്രം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് വാമനപുരം കുളക്കര കട്ടയക്കാൽ വീട്ടിൽ വാമനപുരം പ്രസാദിനെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

ക്ഷേത്ര സെക്രട്ടറിയാണ് അമ്പലം കുത്തി തുറന്ന് മോഷണം നടത്തിയ വിവരം പൊലീസിനെ അറിയിച്ചത്. എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. വിരൽഅടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയത്. മോഷണ മുതലുമായി രക്ഷപ്പെടാൻ ശ്രമിക്കവെയായിരുന്നു അറസ്റ്റ്.

പ്രതിയിൽ നിന്ന് ഒരു ചാക്ക് നാണയങ്ങളും നോട്ടുകളും ഉൾപ്പെടെ 26000 രൂപ പിടിച്ചെടുത്തു. പ്രതി പ്രശാന്ത് നഗറിലെ മറ്റൊരു വീട് കുത്തി തുറന്ന് മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തി.കേരളത്തിലുടനീളം വിവിധ ജില്ലകളിലായി 50 കേസുകളിലെ പ്രതിയാണ് പിടിയിലായ വാമനപുരം പ്രസാദെന്ന് പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.