
പാലക്കാട്: ലഹരിവസ്‌തുക്കളുമായി ബസ് ജീവനക്കാർ പിടിയിലായി. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേയ്ക്ക് വന്ന ബസിലെ സഹഡ്രൈവറുടെയും ക്ളീനറുടെയും പക്കൽ നിന്നാണ് ലഹരിവസ്‌തുക്കൾ കണ്ടെത്തിയത്. വാളയാർ ടോൾ പ്ലാസയിൽവച്ച് എക്‌സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. 20 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്. പകൽ സമയം ബസ് നിർത്തിയിടുമ്പോൾ ഉപയോഗിക്കാൻ കരുതിയതാണ് ലഹരിയെന്നാണ് പ്രതികളുടെ മൊഴി.
ഇതിനിടെ കോട്ടയത്ത് തലയോലപ്പറമ്പിൽ കാറിൽ കടത്താൻ ശ്രമിച്ച 105 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കെൻസ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം ഭാഗത്തുനിന്ന് കാറിൽ കഞ്ചാവുമായി വരികയായിരുന്നു ഇരുവരും. അതിനിടെ പൊലീസ് തടയാൻ ശ്രമിച്ചപ്പോൾ പ്രതികൾ കാറുവെട്ടിച്ച് കടന്നുകളഞ്ഞു.
പിന്നാലെ പൊലീസ് കാറിനെ പിന്തുടർന്നു. ഇതുകണ്ട് കാറിലുണ്ടായിരുന്ന ഒരാൾ ഡോർ തുറന്ന് പുറത്തുചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. കാറുമായി മുന്നോട്ട് പോയ രണ്ടാമനെയും പൊലീസ് ചേസ് ചെയ്ത് പിടികൂടുകയായിരുന്നു.