
ഷിമോഗ: നാല് മാസം മുൻപ് നാലരക്കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിന്റെ അവസ്ഥയെ ചോദ്യം ചെയ്‌ത് കോൺഗ്രസ്. കർണാടകയിലെ ഷിമോഗ ജില്ലയിലാണ് സംഭവം. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം ജില്ലയിലെ പൂജാരിഡിംബ മുതൽ ഗവതുരു വരെയുളള 5.16 കിലോമീറ്റർ റോഡ് ബിജെപി സർക്കാർ 4.41 കോടി രൂപ മുടക്കി നിർമ്മിച്ചിരുന്നു. ഈ റോഡാണ് തകർന്നത്.
സ്ഥലവാസികളായവർ കൈ കൊണ്ട് റോഡ് വശങ്ങളിൽ നിന്നും ഇളക്കിയെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്ന് ശനിയാഴ്‌ച പ്രതിഷേധം സംഘടിപ്പിച്ച കോൺഗ്രസ് പാർട്ടി റോഡ് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചു. റോഡ് നിർമ്മാണത്തിന്റെ 80 ശതമാനവും കമ്മീഷൻ വാങ്ങിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
രണ്ട് ലെയറായി ടാർ ചെയ്യേണ്ട റോഡ് അങ്ങനെ ചെയ്‌തിട്ടില്ലെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നത്. മാത്രമല്ല മുൻപ് ഗ്രാമവാസികൾ സഞ്ചരിച്ചിരുന്ന മൺപാതയാണ് ഇപ്പോഴത്തെ റോഡിനെക്കാൾ നല്ലതെന്നും അവർ പറഞ്ഞു. റോഡ് നിർമ്മിച്ച കോൺട്രാക്‌ടർ അത് ഉടൻ പുനർനിർമ്മിക്കണമെന്നും ഗ്രാമത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അത് ഉപകാരപ്പെടണമെന്നും ഗ്രാമനിവാസികൾ അഭിപ്രായപ്പെട്ടു.