
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഏറെ തിരക്കേറിയ എം ജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിംഗ് അനുവദിച്ച കോർപറേഷന്റെ നടപടി വിവാദമാകുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് പ്രതിമാസം 5,000 രൂപ വാടക ഈടാക്കി സ്വകാര്യ ഹോട്ടലിന് നൽകിയത്. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയാണ് എം ജി റോഡിൽ ആയുർവേദ കോളേജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിന് റോഡ് വാടകയ്ക്കുനൽകാൻ തീരുമാനമെടുത്തത്. കോർപ്പറേഷൻ സെക്രട്ടറിയും ഹോട്ടലുടമയും ചേർന്ന് ഇതിനായി 100 രൂപയുടെ പത്രത്തിൽ കരാറുണ്ടാക്കി ഒപ്പും വച്ചു.റോഡ് സുരക്ഷാ നിയമപ്രകാരം പാർക്കിംഗിന് റോഡ് അനുവദിക്കാൻ സർക്കാരിനുപോലും അനുവാദമില്ലെന്നിരിക്കെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് സ്വന്തം ഭൂമിയെന്നപോലെ സ്വകാര്യ ഹോട്ടലിന് പാർക്കിംഗിനായി എഴുതിക്കൊടുത്ത മേയറുടെ നടപടി.
കരാർ ഉണ്ടായതോടെ ഈ സ്ഥലത്ത് മറ്റുവാഹനങ്ങൾ പാർക്കുചെയ്യുന്നത് ഹോട്ടലുകാർ തടഞ്ഞുതുടങ്ങി. ഇത് പലതവണ വാക്കുതർക്കത്തിന് ഇടയാക്കിയിട്ടുണ്ട്. തർക്കമുണ്ടാകുമ്പോൾ കോർപ്പറേഷനുമായുണ്ടാക്കിയ കരാർ ഹോട്ടലുകാർ പാർക്കുചെയ്യാനെത്തുന്നവരെ കാണിക്കുന്നതും പതിവാണത്രേ.
സ്വകാര്യ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്കാണ് പാർക്കിംഗ് ഒരുക്കേണ്ടത്. പാർക്കിംഗിന് ആവശ്യമായ സ്ഥലം ഉണ്ടെന്ന് കോർപ്പറേഷൻ ഉറപ്പുവരുത്തുകയും വേണം. അങ്ങനെയിരിക്കെയാണ് കോർപ്പറേഷന് ഒരുഅവകാശവുമില്ലാത്ത സർക്കാർ റോഡ് സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് കൊടുത്തത്. കോർപറേഷന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി കൗൺസിലർ തിരുമല അനിൽ അറിയിച്ചു. പരാതികൾ പരിശോധിക്കുമെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്.