
ന്യൂഡൽഹി: സാമൂഹിക അസമത്വം ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും അത് വിസ്‌മരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നുമുളള ആർഎസ്‌എസ് തലവൻ മോഹൻ ഭഗവതിന്റെ അഭിപ്രായത്തിനെതിരെ കടുത്ത വിമർശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇതിഹാദുൽ മുസ്ളീമിൻ അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. രാജ്യത്ത് മുസ്ളീം ജനസംഖ്യ കുറയുകയാണെന്ന് അഭിപ്രായപ്പെട്ട ഒവൈസി ഇക്കാര്യം മോഹൻ ഭഗവത് തന്റെ പ്രസംഗത്തിൽ ഒഴിവാക്കിയെന്നും ആരോപിച്ചു.
'പേടിക്കേണ്ട, മുസ്ളീം ജനസംഖ്യ രാജ്യത്ത് കൂടുകയല്ല, കുറയുകയാണ്. രാജ്യത്ത് ഏറ്റവുമധികം കോണ്ടം ഉപയോഗിക്കുന്നത് ആരാണ്? അത് ഞങ്ങളാണ്. മോഹൻ ഭഗവത് ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയില്ല.' ഒവൈസി വിമർശിച്ചു. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നും അത് ഇപ്പോൾതന്നെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയ്‌ക്ക് വേണ്ടി ഒരു ജനസംഖ്യാ നിയന്ത്രണ നയം വേണമെന്നും രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് അപകടമൊന്നുമില്ലെന്നുമാണ് മോഹൻ ഭഗവത് മുൻപ് പറഞ്ഞത്.
തെരുവ് നായകൾക്ക് പോലും രാജ്യത്ത് മുസ്ലീങ്ങൾക്ക് കിട്ടുന്നതിലേറെ ബഹുമാനം കിട്ടുന്നുണ്ടെന്നാണ് അസദുദ്ദീൻ ഒവൈസി അഭിപ്രായപ്പെട്ടത്. ഗുജറാത്തിൽ നവരാത്രി ഗർബ ചടങ്ങിനോടനുബന്ധിച്ച് നടന്ന സംഘർഷത്തെ കുറിച്ചാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഗർബ നൃത്തം ചെയ്യുന്നവർക്ക് നേരെ കല്ലെറിഞ്ഞു എന്ന് ചൂണ്ടിക്കാട്ടി ചിലരെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിലാണ് ഒവൈസി കടുത്ത വിമർശനം ഉന്നയിച്ചത്.
#WATCH | On RSS chief Mohan Bhagwat's statement that there's a religious imbalance in India, AIMIM chief Asaduddin Owaisi says, "Don't fret, Muslim population is not increasing, it's rather falling... Who's using condoms the most? We are. Mohan Bhagwat won't speak on this." pic.twitter.com/kcaYLaNm7A— ANI (@ANI) October 8, 2022