
കോഴിക്കോട്: സിനിമയുടെ ചിത്രീകരണത്തിനിടെ ക്യാമറാമാന് തെരുവുനായയുടെ കടിയേറ്റു. ഹരീഷ് പേരടിയുടെ നിർമാണത്തിൽ 'ദാസേട്ടന്റെ സൈക്കിൾ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അസോസിയേറ്റ് ക്യാമറമാൻ ജോബിൻ ജോണിനെ നായ കടിച്ചത്. കോഴിക്കോട് മേത്തോട്ടുതാഴത്തുവച്ചാണ് സംഭവം. ജോബിനെ ഉടൻ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷയും കുത്തിവയ്പ്പും നൽകി.
കേരളത്തിൽ തെരുവുനായയുടെ ആക്രമണം കൂടിവരികയാണ്. കഴിഞ്ഞദിവസം പാലക്കാട് നൂറണി തൊണ്ടി കുളത്ത് നാലു പേരെയാണ് തെരുവുനായ ആക്രമിച്ചത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
പാലക്കാട് മുൻ എം.എൽ.എയും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെ.കെ. ദിവാകരനും തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ രാവിലെയാണ് കെ.കെ. ദിവാകരന് കടിയേറ്റത്. രാവിലെ നടക്കാനിറങ്ങിയ സമയത്താണ് തെരുവുനായുടെ ആക്രമണത്തിന് ഇരയായതെന്ന് കെ.കെ. ദിവാകരൻ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതായും അദ്ദേഹം അറിയിച്ചു. പാലക്കാട് നഗരത്തിൽ പലയിടത്തും ഇത്തരത്തിൽ തെരുവുനായ ആക്രമണം നടക്കുന്നുണ്ട്.