ganja

കോട്ടയം: പരിശോധന വെട്ടിച്ച് കടന്ന കാർ പിന്തുടർന്ന പൊലീസ് കണ്ടെത്തിയത് കടത്താൻ ശ്രമിച്ച 105 കിലോ കഞ്ചാവ്. ലഹരി കടത്തിൽ പങ്കുള‌ള രണ്ടുപേർ പൊലീസ് പിടിയിലായി. കോട്ടയം തലയോലപറമ്പിലെ വെട്ടിക്കാട്ടുമുക്കിലാണ് സംഭവമുണ്ടായത്. കഞ്ചാവ് കടത്തിയ കരിപ്പൂത്തട്ട് സ്വദേശി കെൻസ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.

എറണാകുളം ഭാഗത്തുനിന്നും കഞ്ചാവുമായി വന്ന കാർ പൊലീസ് തടയാൻ ശ്രമിച്ചു. എന്നാൽ സിനിമാ സ്‌റ്റൈൽ ആക്ഷനിൽ വെട്ടിച്ച് കടന്ന ലഹരികടത്തുകാർ അൽപദൂരം മുന്നോട്ടുപോയി. ഇതിനിടെ ഒരാൾ ഡോർ തുറന്ന് ഇറങ്ങിയോടി. ഇയാളെ പൊലീസ് പിടികൂടുന്നതിനിടെ രണ്ടാമൻ വണ്ടിയോടിച്ച് പോകാൻ ശ്രമിച്ചു. ഇയാളെ തലയോലപറമ്പ് ജംഗ്‌ഷന് സമീപത്തുവച്ച് പൊലീസ് പിടിച്ചു.

lobby

ചോക്ളേറ്റ് പൊതികളുടെ സ്‌റ്റിക്കറൊട്ടിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. അറസ്‌റ്റിലായ കെൻസിനെയും രഞ്ജിത്തിനെയും പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്. കഞ്ചാവുമായി എവിടെനിന്നും വരുന്നുവെന്നും എവിടേക്കാണ് പോകുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.