fire

ലക്‌നൗ: മൂന്ന് മാസം മുൻപ് ബലാത്സംഗത്തിനിരയായതിനെ തുടർന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മെയിൻപുരിയിലെ കുരവാലി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. പെൺകുട്ടിയെ തീകൊളുത്തി കൊന്ന മൂന്നുപേരെ അന്വേഷിക്കുകയാണെന്നും ഇവരെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

അഭിഷേക് എന്ന് പേരുള‌ള പെൺകുട്ടിയുടെ അതേ ഗ്രാമവാസിയായ യുവാവ് പെൺകുട്ടിയെ മൂന്ന് മാസം മുൻപ് ബലാത്സംഗം ചെയ്‌തുവെന്ന് പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നു. എന്നാൽ വിവരം പെൺകുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല. പിന്നീട് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് ഗ്രാമസഭ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് വിവാഹം ചെയ്‌തുകൊടുക്കാൻ തീരുമാനിച്ചു. ഇതിനിടെ പീഡിപ്പിച്ച യുവാവിന്റെ അമ്മ പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി വീട്ടിലെത്തിച്ച ശേഷം പെട്രൊളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പെൺകുട്ടി ജില്ലാ ആശുപത്രിയിലും പിന്നീട് മറ്റൊരു ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇതിനിടെ പെൺകുട്ടി മരിച്ചു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ കുറ്റകൃത്യത്തിൽ പങ്കുള‌ളവർക്കെതിരെ പോക്‌സോ അടക്കം വിവിധ വകുപ്പനുസരിച്ച് കേസെടുത്തു.