iran

ടെഹ്‌റാൻ : ഹിജാബിനെതിരായ പ്രതിഷേധം ഇറാനിൽ രാജ്യവ്യാപകമായി പടരുന്നതിനിടെ ഔദ്യോഗിക ടി.വി ചാനൽ ഡിജി​റ്റൽ ആക്ടിവിസ്റ്റുകൾ ഹാക്ക് ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി ഒമ്പതിന് ചാനലിലെ തത്സമയ വാർത്ത സംപ്രേഷണത്തിനിടെയായിരുന്നു ഹാക്കിംഗ്. ഹാക്കിംഗിനെ തുടർന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ചിത്രം സ്ക്രീനിൽ തെളിഞ്ഞു.

ചുറ്റും തീ ഉയരുന്ന ഖമനേയിയുടെ ചിത്രത്തിന് താഴെ ' നമ്മുടെ യുവാക്കളുടെ രക്തം നിങ്ങളുടെ കൈകളിൽ" എന്ന വാചകവും ഉണ്ടായിരുന്നു. തുടർന്ന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട മഹ്സയുടെയും നികയുടെയും ചിത്രങ്ങളും തെളിഞ്ഞു. ഖമനേയി രാജ്യത്തെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനിടെയായിരുന്നു ഹാക്കിംഗ്.

കഴിഞ്ഞ മാസം 16ന് മഹ്സ അമിനി ( 22) ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതിന് പിന്നാലെയാണ് ഇറാനിൽ നിർബന്ധിത ഹിജാബ് ഉൾപ്പെടെ സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ വ്യാപകമായി പൊട്ടിപ്പുറപ്പെട്ടത്.

കസ്റ്റഡിയിലിരിക്കെ തലയ്ക്കേറ്റ മർദ്ദനമാണ് മരണകാരണമെന്നാണ് ആരോപണം. പിന്നീട് പ്രതിഷേധങ്ങളിൽ പങ്കെടുത്ത 16 കാരി നിക ഷാകരാമിയുടെ മരണവും പൊലീസിന്റെ മർദ്ദനം മൂലമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ പ്രതിഷേധങ്ങളുടെ മൂർച്ച കൂടി.

സെപ്തംബർ 17 മുതൽ ആരംഭിച്ച പ്രക്ഷോഭങ്ങളിൽ പാരാമിലിട്ടറി സംഘങ്ങളുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 100ലേറെ പേരാണ് രാജ്യത്ത് മരിച്ചത്.