1923 ഒക്ടോബർ ഇരുപതിനാണ് വി.എസ്.അച്യുതാനന്ദൻ എന്ന സമുന്നത കമ്മ്യൂണിസ്റ്റ് നേതാവ് ജനിച്ചത്.വലിയൊരു കാലത്തിന്റെ സാക്ഷിയായ വി.എസിന് വരുന്ന ഇരുപതാം തിയതി വ്യാഴാഴ്ച 99 വയസ് തികയും .നൂറിലേക്ക് കടക്കുന്ന വി.എസുമായി ,അടുത്തിടപഴകിയ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രമുഖ സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ

സുധാകരൻ കൊല്ലം എസ്.എൻ കോളേജിൽ സമരം നയിക്കുന്നതൊക്കെ ഞാനറിയുന്നുണ്ട്. പഠനത്തിലും മിടുക്കനാണ്. വിദ്യാർത്ഥി ജീവിതം കഴിഞ്ഞും പ്രസ്ഥാനത്തിൽ ഉറച്ചു നിൽക്കണം..."-ആദ്യമായി കണ്ടപ്പോൾ വി.എസ് പറഞ്ഞ ഈ വാക്കുകൾ ഇപ്പോഴും മനസിൽ മുഴങ്ങുന്നുണ്ട്. എസ്.എഫ്.ഐയുടെ രൂപീകരണ സമ്മേളനത്തിന് എത്തിയപ്പോൾ 1969 ഡിസംബർ 27 നാണ് കേട്ടറിഞ്ഞിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദനെ നേരിട്ടറിയുന്നത്. അന്ന് പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന എൻ.ശ്രീധരനാണ് തമ്പാനൂർ സി.പി സത്രത്തിലെ മുറിയിൽ താമസിച്ചിരുന്ന വി.എസിന് മുന്നിലെത്തിച്ചത്. അത് പിന്നീട് വലിയൊരു ബന്ധത്തിന്റെ തുടക്കമായി.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ, പാർട്ടിയിൽ നിരവധി ഉത്തരവാദിത്വങ്ങളാണ് വി.എസ് ഏല്പിച്ചത്. എന്നിലെ രാഷ്ട്രീയക്കാരനെ രൂപപ്പെടുത്തിയതിൽ വലിയ പങ്കുണ്ട് വി.എസിന് . വി.എസിന് തുല്യം വി.എസ് മാത്രം . സി.എച്ച് കണാരനും വി.എസും തമ്മിലുള്ള ബന്ധം അന്നത്തെ യുവാക്കളായ ഞങ്ങൾക്കൊക്കെ പ്രചോദനമായിരുന്നു. സി.എച്ചിന്റെ പക്കലുള്ള ബാഗ് വാങ്ങി കൈയിൽ പിടിച്ചാണ് വി.എസ് നടക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് യാത്ര ഏറെയും.
ആളുടെ സ്വഭാവം അറിഞ്ഞേ വി.എസ് ആരെയും അടുപ്പിച്ചിരുന്നുള്ളൂ.
മദ്യപിക്കുന്നവരോട് വലിയ എതിർപ്പാണ്. ഇതൊന്നും ഇല്ലാത്തതിനാൽ എനിക്ക് വലിയ സ്വാതന്ത്ര്യം നൽകാനും മടിച്ചില്ല. എസ്.എഫ്.ഐ യുടെ സ്ഥാപക പ്രസിഡന്റായി പ്രവർത്തിക്കുമ്പോഴൊക്കെ എം.എൽ.എ ക്വാർട്ടേഴ്സിലെ പാർലമെന്ററി പാർട്ടി ഓഫീസിൽ കിടക്കാൻ ഒരു കട്ടിൽ ഏർപ്പാടാക്കി തന്നത് വി.എസാണ്. പിന്നീട് എന്റെ പ്രവർത്തന മണ്ഡലം ആലപ്പുഴയിലേക്ക് മാറ്റിയതും അദ്ദേഹം ഇടപെട്ടാണ്. അന്നത്തെ ആലപ്പുഴ ജില്ലാ സെക്രട്ടറി പി.കെ. ചന്ദ്രാനന്ദനെ തിരുവനന്തപുരം പാളയത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വിളിപ്പിച്ചാണ് എന്നെ കൂട്ടിവിട്ടത്. പാർട്ടി ജില്ലാ കമ്മിറ്റിയംഗമായും കെ.എസ്.വൈ.എഫിന്റെ ജില്ലാ പ്രസിഡന്റായും പ്രവർത്തിക്കാൻ നിർദ്ദേശിച്ചു. പാർട്ടിയുടെ അന്നത്തെ അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി വി.കെ.സോമനെ വിളിച്ച് എന്റെ കാര്യങ്ങൾ ഏല്പിക്കാനും മറന്നില്ല. 'ഭക്ഷണം കഴിക്കാൻ വരുമാനമുള്ള ആളല്ലെന്നും എല്ലാ കാര്യങ്ങളിലും സഹായിക്കണം"എന്നുമുള്ള അദ്ദേഹത്തിന്റെ ആ പറച്ചിലിൽ വലിയൊരു കരുതലുണ്ടായിരുന്നു. 1982ൽ വിവാഹം കഴിയുന്നതു വരെ ആലപ്പുഴ തിരുവമ്പാടിയിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസായിരുന്നു എന്റെ വീട്.
കുട്ടനാടും വിഎസും
കുട്ടനാട്ടിൽ കർഷക തൊഴിലാളി സമരത്തിനിടെ സഹദേവൻ എന്ന തൊഴിലാളി സി.ആർ.പി.എഫിന്റെ വെടിയേറ്റ് മരിച്ച സംഭവമുണ്ടായി. മൃതദേഹം എടുക്കാൻ പോലും അനുവദിക്കാത്ത അവസ്ഥ. അവിടേക്ക് വി.എസും കെ.ആർ. ഗൗരി അമ്മയും എത്തി മൃതദേഹം എടുത്തു കൊണ്ടുപോയപ്പോൾ കാഴ്ചക്കാരായി നിൽക്കാനേ സി.ആർ.പി.എഫിന് കഴിഞ്ഞുള്ളൂ. അതാണ് വി.എസ്. 1940 ൽ തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ സ്ഥാപിച്ച് അദ്ദേഹം തുടങ്ങിവച്ച പ്രവർത്തനങ്ങൾക്ക് പിൽക്കാലത്ത് പങ്കാളിയാകാനും എനിക്ക് നിയോഗമുണ്ടായി. കുട്ടനാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി വി.എസ് എന്നെ അയച്ചു. നിലം നികത്തലിനെതിരെ സമരം നടക്കുന്നത് അന്നാണ്. ഒരു ജന്മിയുടെ 20 ഏക്കർ പാടത്ത് നിർമ്മിച്ചിരുന്ന മൺകൂനകൾ അയ്യായിരത്തോളം പേർ സംഘടിച്ച്  നിരത്തിയ സമരം ഉദ്ഘാടനം ചെയ്തതും വി.എസാണ്. വെട്ടിനിരത്തലെന്നാണ് വലതു പക്ഷം ഇതിനെ ആക്ഷേപിച്ചത്. പക്ഷേ, നെൽകൃഷി സംരക്ഷണ സമരമായിരുന്നു.
കല്യാണമുറപ്പിച്ചത് വി എസ്
ഞാനും ജൂബിലി നവപ്രഭയുമായുള്ള വിവാഹത്തിന് താലിമാല കൈമാറിയത് വി.എസാണ്. കല്യാണം ഉറപ്പിക്കാൻ എന്റെ വീട്ടിലേക്കാണ് വി.എസ്, ഗൗരി അമ്മ, സുശീല ഗോപാലൻ, എസ്.ആർ.പി, പി.കെ.സി, പി.സുധാകരൻ തുടങ്ങിയ നേതാക്കളെത്തിയത്. ജൂബിലിയുടെ പിതാവ് പ്രൊഫ. അയ്മനം കൃഷ്ണൻകുട്ടിയോട് എല്ലാ കാര്യങ്ങളും സംസാരിച്ചത് വി.എസ് തന്നെ.
വി.എസിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് എന്നുമുള്ളത്. പുന്നപ്രയിലെ അദ്ദേഹത്തിന്റെ വീട്ടിൽ, മുമ്പ് അടുക്കളയോട് ചേർന്ന് ഭക്ഷണം കഴിക്കാനായി ഒരു മുറിയുണ്ടായിരുന്നു. ബഞ്ചും ഡെസ്ക്കുമായി മൂന്ന് പേർക്ക് ഇരിക്കാനുള്ള സൗകര്യം. അവിടെ ഇരുന്ന് അദ്ദേഹവുമൊത്ത് പലതവണ ഭക്ഷണം കഴിച്ചിട്ടുണ്ട്. ഒരുമിച്ച് കാർ യാത്രകളും അന്ന് പതിവായിരുന്നു.വി.എസിന്റെ പത്നി വസുമതി സിസ്റ്റർ പുന്നപ്രയിലെ ഞങ്ങളുടെ വീടിന് മുന്നിലൂടെ പോയാൽ വീട്ടിൽ കയറാതിരിക്കില്ല. വി.എസിന്റെ മക്കൾ സുധാകരൻ മാമൻ എന്നാണ് വിളിക്കുന്നത്.
താങ്ങാനായില്ല ആ തോൽവി
വി.എസിന്റെ നിർദ്ദേശ പ്രകാരം 1987 ൽ ഞാൻ അമ്പലപ്പുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. പതിനായിരം വോട്ടിന് ജയിക്കുമെന്ന് പാർട്ടി കണക്കു കൂട്ടിയെങ്കിലും 124 വോട്ടിന് പരാജയപ്പെടേണ്ടി വന്നു. മുന്നണിയിൽ സി.പി.ഐയുടെ ചില പ്രശ്നങ്ങളായിരുന്നു കാരണം. എന്റെ ആ തോൽവിയിൽ വി.എസ് അന്ന് കരഞ്ഞു. വി എസ് മാത്രമല്ല വസുമതി സിസ്റ്ററും സിസ്റ്ററിന്റെ അമ്മയും കരഞ്ഞുപോയി. പിന്നീട് ജില്ലാ കൗൺസിലിലേക്ക് മത്സരിപ്പിച്ചതും വി.എസ് തന്നെ. അന്ന് ഞാൻ മത്സരിച്ച കൈനകരി ഡിവിഷനിൽ എതിർ സ്ഥാനാർത്ഥി വി.എസിന്റെ ബന്ധുവും പാർട്ടിയിൽ നിന്ന് പുറത്തായ ആളുമായിരുന്നു. താനുമായുള്ള ബന്ധുത്വം പറഞ്ഞ് വോട്ട് തേടുന്നതറിഞ്ഞ് വി.എസ് പൊതുയോഗം വിളിച്ചു പ്രസംഗിച്ചു. 'അവൻ എന്റെ ബന്ധുവല്ല, പാർട്ടിയിലെ യൂദാസാണ് "എന്നായിരുന്നു വി.എസിന്റെ പ്രസംഗം. ഞാൻ ആറായിരം വോട്ടിന് ജയിക്കുകയും ജില്ലാ കൗൺസിൽ പ്രസിഡന്റാവുകയും ചെയ്തു.
മുമ്പ് ആലപ്പുഴയുടെ തീരങ്ങളിൽ മതിയായ സംരക്ഷണ സംവിധാനങ്ങളില്ലാതിരുന്നപ്പോൾ കടൽക്ഷോഭം രൂക്ഷമായിരുന്നു. അന്ന് ആര് തീരം സന്ദർശിക്കാനെത്തിയാലും തീരവാസികളുടെ ശക്തമായ വിമർശനമേറ്റു വാങ്ങിയേ മടങ്ങിയിരുന്നുള്ളൂ. പക്ഷേ, വി.എസിനോട് മാത്രം അവർ എതിർപ്പ് പറയില്ല. അതായിരുന്നു അവർക്കുള്ള സ്നേഹം. ആ സന്ദർശനങ്ങളിലൊക്കെ ഒപ്പമുണ്ടായിരുന്നതു കൊണ്ട് ഇത് അനുഭവിച്ചറിയാൻ കഴിഞ്ഞു.
1991 ൽ അമ്പലപ്പുഴയിൽ സി.കെ സദാശിവൻ ജയിച്ചപ്പോൾ എതിർ സ്ഥാനാർത്ഥിയായിരുന്ന വി.ദിനകരൻ ഇലക്ഷൻ കമ്മിഷനു മുന്നിൽ പരാതിയുമായെത്തി. ഏതെങ്കിലും ബൂത്തിൽ 90 ശതമാനത്തിന് മുകളിൽ വോട്ട് ഒരു സ്ഥാനാർത്ഥിക്ക് മാത്രം ലഭിച്ചാൽ അത് പരിശോധിക്കും. മണ്ഡലത്തിന്റെ ഭാഗമായ കൈനകരിയിൽ ഇത്തരത്തിൽ കൂടുതൽ ബൂത്തുകളുണ്ടായിരുന്നു. കള്ളവോട്ട് നടന്നെന്നായിരുന്നു ദിനകരന്റെ ആരോപണം. കളക്ടറാണ് ഇത് അന്വേഷിച്ച് റിപ്പോർട്ട് കൊടുക്കേണ്ടത്. സദാശിവന്റെ  ഇലക്ഷൻ റദ്ദ് ചെയ്യാനുള്ള നീക്കമുണ്ടെന്നും അതിൽ ഇടപെടണമെന്നും വി.എസ് എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു. ഞാൻ അന്ന് ജില്ലാ കൗൺസിൽ പ്രസിഡന്റാണ്. സദാശിവൻ കൈനകരിക്കാരനായതു കൊണ്ട് നാട്ടുകാർ അദ്ദേഹത്തിന് കൂടുതലായി വോട്ടു ചെയ്തതാണെന്നും കൈനകരി ഡിവിഷനിൽ നിന്ന് ജില്ലാ കൗൺസിലിലേക്ക് മത്സരിച്ചപ്പോൾ എനിക്ക് ലഭിച്ച വോട്ടുകളുമെല്ലാം കാണിച്ച് കളക്ടറെ വിവരം ധരിപ്പിച്ചു. ഏതായാലും സദാശിവനെതിരെ നടപടിയുണ്ടായില്ല. ഓരോ പ്രശ്നത്തിലും വി.എസിന്റെ ഇടപെടൽ അങ്ങനെയായിരുന്നു. വലിയൊരു സംഘാടകൻ, പ്രക്ഷോഭകാരി, ഭരണാധികാരി, ചരിത്ര ബോധമുള്ള കമ്മ്യൂണിസ്റ്റ് നേതാവ് എന്നിങ്ങനെ വി.എസിനെ കുറിച്ചു പറയാൻ ഒരുപാടുണ്ട് . വി.എസ്- ഗൗരി അമ്മ ദ്വയം കേരളത്തിൽ പതിനായിരങ്ങളെ അണി നിരത്താൻ തക്ക മാസ്മര ശക്തിയുള്ളവരായിരുന്നു. ഇനിയും പറയാൻ എത്രയോ അനുഭവങ്ങൾ.
ലേഖകന്റെ ഫോൺ  9447755200