
തിരുവനന്തപുരം: തലസ്ഥാനത്ത് തിരക്കേറിയ എം.ജി റോഡിലെ സ്ഥലം സ്വകാര്യ ഹോട്ടലിന് പാർക്കിംഗിനായി വാടകയ്‌ക്ക് അനുവദിച്ചു എന്ന പ്രശ്‌നത്തിൽ വിശദീകരണവുമായി നഗരസഭ. ആയുർവേദ കോളേജിന് മുന്നിലെ ദേവസ്വം ബോർഡ് ബിൽഡിംഗിന് മുന്നിലുളള പിഡബ്ളിയു റോഡ് വാടകയ്‌ക്ക് അനുവദിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭ അറിയിച്ചു. നിലവിൽ പൊലീസിന്റെ സഹായത്തോടെ നഗരസഭ നഗര പരിധിയിൽ ട്രാഫിക് നിയന്ത്രണത്തിന് 225 വാർഡൻമാരെ പാർക്കിങ്ങ് ഫീസ് പിരിക്കാൻ നിയോഗിച്ചിട്ടുണ്ട്.പിരിഞ്ഞ് കിട്ടുന്ന തുക ഇവരുടെ സൊസൈറ്റിയിൽ അടയ്ക്കുകയാണ് പതിവ്.തുക നഗരസഭ അല്ല സ്വീകരിക്കുന്നതെന്ന് കോർപറേഷൻ വിശദീകരിച്ചു.
ആയൂർവേദ കോളേജിന് സമീപത്തെ ബിൽഡിംഗിന് മുൻവശത്തെ പാർക്കിംഗുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയിൽ ട്രാഫിക് വാർഡൻ കാശ് പിരിക്കേണ്ടതില്ലെന്നും ആ തുക കടയുടമ നൽകാമെന്നുമായിരുന്നു വ്യവസ്ഥ. മേയറുടെ അദ്ധ്യക്ഷതയിൽ ജൂൺ 13ന് ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി അപേക്ഷ പരിശോധിക്കുകയും കരാറടിസ്ഥാനത്തിൽ ഇവിടെ പാർക്കിംഗ് സ്ഥലം വാടകയ്ക്ക് നൽകുകയും ചെയ്തു. ലംഘനമുണ്ടായതായി കണ്ടാൽ കരാർ റദ്ദാക്കുമെന്നും നഗരസഭ അറിയിക്കുന്നു. നേരത്തെ സംഭവത്തിൽ റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് പൊതുമരാമത്ത് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് പ്രതിമാസം 5,000 രൂപ വാടക ഈടാക്കി സ്വകാര്യ ഹോട്ടലിന് നൽകിയത്ഇതോടെയാണ് പ്രശ്‌നം വിവാദമായത്. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയാണ് എം ജി റോഡിൽ ആയുർവേദ കോളേജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിന് റോഡ് വാടകയ്ക്കുനൽകാൻ തീരുമാനമെടുത്തത്. കോർപ്പറേഷൻ സെക്രട്ടറിയും ഹോട്ടലുടമയും ചേർന്ന് ഇതിനായി 100 രൂപയുടെ പത്രത്തിൽ കരാറുണ്ടാക്കി ഒപ്പും വയ്ക്കുകയും ചെയ്തു. റോഡ് സുരക്ഷാ നിയമപ്രകാരം പാർക്കിംഗിന് റോഡ് അനുവദിക്കാൻ സർക്കാരിനുപോലും അനുവാദമില്ലെന്നിരിക്കെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് സ്വന്തം ഭൂമിയെന്നപോലെ സ്വകാര്യ ഹോട്ടലിന് പാർക്കിംഗിനായി മേയർ വാടകയ്ക്ക് നൽകിയത്. കരാർ ഉണ്ടായതോടെ ഈ സ്ഥലത്ത് മറ്റുവാഹനങ്ങൾ പാർക്കുചെയ്യുന്നത് ഹോട്ടലുകാർ തടഞ്ഞുതുടങ്ങി. ഇത് പലതവണ വാക്കുതർക്കത്തിന് ഇടയാക്കിയിരുന്നു.