
തുടർച്ചയായ രണ്ടാം സീസണിലും ഫോർമുല വൺ റേസിംഗ് ലോക ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി മാക്സ് വെസ്റ്റപ്പൻ
ടോക്യോ : ജാപ്പനീസ് ഗ്രാൻപ്രീയിൽ ഒന്നാമതെത്തിയ റെഡ്ബുൾ ടീമിന്റെ ഡ്രൈവർ മാക്സ് വെഴ്സ്റ്റപ്പൻ തന്റെ ലോക ചാമ്പ്യൻ പട്ടം നിലനിറുത്തി. ഇന്നലെ ടോക്യോയിൽ മഴമൂലം രണ്ട് മണിക്കൂറോളം വൈകുകയും 28 ലാപ്പായി വെട്ടിച്ചുരുക്കുകയും ചെയ്ത ജാപ്പനീസ് ഗ്രാൻപ്രീയിൽ സ്വന്തം ടീമംഗമായ സെർജിയോ പെരസിനെ രണ്ടാമതാക്കിയാണ് വെഴ്സ്റ്റപ്പൻ കിരീടം ചൂടിയത്. ഫെററായുടെ ചാൾസ് ലീക്ളെർക്കാണ് മൂന്നാമതെത്തിയത്.ലോക ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ലീക്ളെർക്ക് വെസ്റ്റപ്പന് പിന്നിൽ രണ്ടാം സ്ഥാനത്തും സെർജിയോ പെരസ് മൂന്നാം സ്ഥാനത്തുമാണ്.
ഈ സീസണിൽ ഇതുവരെ നടന്ന 18 റേസുകളിൽ 12ലും കിരീടം നേടിയാണ് വെസ്റ്റപ്പൻ ലോക ജേതാവായിരിക്കുന്നത്.
കഴിഞ്ഞ ഏഴ് ഗ്രാൻപ്രീകളിൽ വെസ്റ്റപ്പന്റെ ആറാം കിരീടമായിരുന്നു ജപ്പാനിലേത്.
നാലോ അതിലധികമോ റേസുകൾ ബാക്കിനിൽക്കേ ലോക കിരീടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഡ്രൈവറാണ് വെസ്റ്റപ്പൻ.
2002ൽ ആറുറേസുകൾ ബാക്കിനിൽക്കേ കിരീടം നേടിയ മൈക്കേൽ ഷൂമാക്കർക്കാണ് ഇക്കാര്യത്തിലെ റെക്കാഡ്.