
ലണ്ടൻ : ലോകകേരള സഭയുടെ മേഖലാസമ്മേളനങ്ങൾ സർക്കാർ ചെലവിലല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാസമ്മേളനത്തിന്റെ ചെലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലണ്ടനിൽ ലോകകേരളസഭ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാരായ പി.രാജീവ്. വി, ശിവൻകുട്ടി , പ്രവാസി വ്യവസായി എം.എ. യൂസഫലി, നോർക്ക ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തോടൊപ്പം വിദേശസന്ദർശനം നടത്തുന്നതിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. സന്ദർശനത്തിന് എത്ര കോടി ചെലവായെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ .സുധാകരൻ ചോദിച്ചിരുന്നു. ധൂർത്ത് കൊണ്ട് കേരളത്തിന് എന്ത് നേട്ടമാണുണ്ടാകുന്നതെന്നും കെ. സുധാകരൻ ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
നാളെ കാർഡിഫ് സർവകലാശാലയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തും. മറ്റെന്നാൾ യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.