hh

കൊച്ചി : മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസിനെതിരെ മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇ.ഡിയുടെ സമൻസുകൾ റദ്ദാക്കണമെന്നാണ് ഹർജികളിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫെമ നിയമലംഘനം നടത്തിയെന്ന് പറയുന്ന ഇ.ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് തോമസ് ഐസക് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നും ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ.ഡിക്കില്ലെന്നും റിസർവ് ബാങ്കിനാണെന്നും കിഫ്ബി ഹർജിയിൽ പറയുന്നു.

അതേസമയം സംശയകരമായ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് സമൻസ് അയച്ചതെന്നും സംശയമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ അധികാരം ഉണ്ടെന്നും ഇ.ഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്.