kk

റാഞ്ചി : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴുവിക്കറ്റ് വിജയം. ഇതോടെ മൂന്ന് മത്സരപരമ്പരയിൽ ഇന്ത്യ 1-1ന് ഒപ്പത്തിനെത്തി. റാഞ്ചിയിൽ 279 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 25 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനിറുത്തിയാണ് വിജയത്തിലെത്തിയത്. സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെയും (113 നോട്ടൗട്ട്) അർദ്ധസെഞ്ച്വറി നേടിയ ഇഷാൻ കിഷന്റെയും (93) മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇരുവരും മൂന്നാം വിക്കറ്റിൽ 161 റൺസാണ് കൂട്ടിച്ചേർത്തത്. 30 റൺസുമായി പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു സാംസണും വിജയനിമിഷത്തിൽ ശ്രേയസിനൊപ്പം ക്രീസിലുണ്ടായിരുന്നു.

ആദ്യം ബാറ്റ്ചെയ്ത ദക്ഷിണാഫ്രിക്ക എയ്ഡൻ മാർക്രം(79),റീസ ഹെൻഡ്രിക്സ് (74) എന്നിവരുടെ അർദ്ധസെഞ്ച്വറിയുടെ മികവിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 278 റൺസ് നേടി. റാഞ്ചിയിൽ ടെംപ ബൗമയ്ക്ക് പകരം ദക്ഷിണാഫ്രിക്കയെ നയിച്ച കേശവ് മഹാരാജ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

മൂന്നാം ഓവറിൽ ക്വിന്റൺ ഡികോക്കിനെ (5) ക്ളീൻ ബൗൾഡാക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് നൽകി. തുടർന്നിറങ്ങിയ റീസ ഹെൻട്രിക്സിനെക്കൂട്ടി ഓപ്പണർ ജാനേമൻ മലാൻ(25) പതിയെ മുന്നോട്ടുനീങ്ങി.പത്താം ഓവറിൽ മലാനെ എൽ.ബിയിൽ കുരുക്കി ഷഹ്‌ബാസ് തന്റെ അരങ്ങേറ്റ വിക്കറ്റ് സ്വന്തമാക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരുമിച്ച റീസ -മാർക്രം സഖ്യം ദക്ഷിണാഫ്രിക്കയ്ക്ക് ജീവശ്വാസം നൽകുകയായിരുന്നു. 22 ഓവറുകളിലധികം ക്രീസിൽ തുടർന്ന ഈ സഖ്യം 129 റൺസാണ് കൂട്ടിച്ചേർത്തത്. ഒരു ഘട്ടത്തിൽ 300 കടക്കുമെന്ന് തോന്നിച്ച ദക്ഷിണാഫ്രിക്കയെ കൃത്യസമയത്ത് വിക്കറ്റുകൾ വീഴ്ത്തിയ സിറാജും സുന്ദറും കുൽദീപുമാണ് പിടിച്ചുനിറുത്തിയത്. 76 പന്തുകളിൽ ഒൻപത് ഫോറുകളും ഒരു സിക്സും പായിച്ച റീസയെ 32-ാം ഓവറിൽ സിറാജിന്റെ പന്തിൽ ഷഹ്ബാസ് പിടികൂടുകയായിരുന്നു. പകരമിറങ്ങിയ ഹെൻറിച്ച് ക്ളാസൻ 26 പന്തിൽ രണ്ട് വീതം ഫോറും സിക്സുമടക്കം 30 റൺസെടുത്ത് സ്കോറിംഗ് വേഗം കൂട്ടാൻ ശ്രമിച്ചെങ്കിലും 38-ാം ഓവറിൽ കുൽദീപിന്റെ പന്തിൽ സിറാജിന്റെ തകർപ്പൻ ക്യാച്ചിലൂടെ പുറത്തായി. 89 പന്തുകളിൽ ഏഴുഫോറും ഒരു സിക്സുമടക്കം 79 റൺസടിച്ച മാർക്രമിന്റെ ആക്രമണം 39-ാം ഓവറിൽ ധവാനാണ് അവസാനിപ്പിച്ചത്. ഡേവിഡ് മില്ലർ 35 റൺസുമായി പുറത്താകാതെനിന്നെങ്കിലും അവസാന ഓവറുകളിൽ അധികം റൺസെടുക്കാൻ അനുവദിക്കാതിരുന്ന ഇന്ത്യൻ ബൗളർമാർ 278ൽ സന്ദർശക ഇന്നിംഗ്സ് അവസാനിപ്പിച്ചു. 10 ഓവറിൽ ഒരു മെയ്ഡനടക്കം 38 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ചുനിന്നത്. കുൽദീപ്, വാഷിംഗ്ടൺ സുന്ദർ,ശാർദൂൽ താക്കൂർ,ഷഹ്ബാസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ ശിഖർ ധവാനെ(13) ആറാം ഓവറിൽ ടീം സ്കോർ 28ൽ നി

ൽക്കേ നഷ്ടമായി. സഹഓപ്പണർ ശുഭ്മാൻ ഗില്ലും (28) വൈകാതെ കൂടാരം കയറി.തുടർന്നാണ് അയ്യരും ഇഷാനും ക്രീസിൽ ഒരുമിച്ചത്. 35-ാം ഓവർവരെ ഇവർ ക്രീസിലുണ്ടായിരുന്നു. 84 പന്തുകളിൽ നാലുഫോറും ഏഴുസിക്സുമടിച്ച ഇഷാൻ പുറത്തായശേഷമാണ് സഞ്ജു എത്തിയത്. ശ്രേയസ് അയ്യർ 111 പന്തുകളിൽ 15 ബൗണ്ടറികൾ പായിച്ചപ്പോൾ സഞ്ജു 36 പന്തുകളിൽ ഓരോ ഫോറും സിക്സുമടക്കമാണ് 30 റൺസുമായി പുറത്താകാതെ നിന്നത്. മൂന്നാം ഏകദിനം മറ്റന്നാൾ ന്യൂഡൽഹിയിൽ നടക്കും. .