
കൊല്ലം: കൊല്ലത്ത് എട്ടാം ക്ളാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. കരുനാഗപ്പള്ളി സ്വദേശിയായ മണിലാൽ ആണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. സെപ്തംബർ 27-നാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവദിവസം സ്കൂളിൽ നിന്നും മടങ്ങി വരവേ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരന് പ്രതി കഴിക്കാനായി ഷവർമ്മ വാങ്ങി നൽകി. തുടർന്ന് താമസസ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
വീട്ടിൽ മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തിലെ പൊരുത്തക്കേട് ശ്രദ്ധിച്ച രക്ഷിതാക്കൾ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചുണ്ടായ കൗൺസിലിംഗിനിടയിലാണ് കുട്ടി പീഡന വിവരം പുറത്തുപറയുന്നത്. ഇതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കടയ്ക്കൽ പൊലീസിൽ വിവരമറിയിച്ചു. കടയ്ക്കലിലെ ഒരു ക്ഷേത്രത്തിൽ പൂജാരിയായിരുന്ന മണിലാൽ ഇതിനോടകം തന്നെ ഒളിവിൽ പോയിരുന്നു. സമാനമായ കേസുകളിൽ പ്രതിയായിട്ടുള്ള ഇയാളെ ഇന്ന് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡിൽ വിട്ടു