
ദമ്മാം: സൗദി അറേബ്യയിൽ സ്കൂൾ വാനിൽ ഉറങ്ങിപ്പോയ അഞ്ചു വയസുകാരന് ദാരുണാന്ത്യം. ഖത്തീഫ് അല്‍ശുവൈക ഡിസ്ട്രിക്ടിലെ കിന്റര്‍ഗാര്‍ട്ടൻ വിദ്യാർത്ഥിയായ ഹസന്‍ ഹാശിം അലവി അല്‍ശുഅ്‌ല ആണ് ശ്വാസംമുട്ടി മരിച്ചത്. വാൻ സ്കൂളിന് മുന്നിൽ എത്തിയിട്ടും കുട്ടി പുറത്തിറങ്ങാത്ത കാര്യം ഡ്രൈവറിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. വായുസഞ്ചാരമില്ലാതെ അടച്ചുപൂട്ടിയ വാനിലുള്ളിലിരുന്ന് ഉറങ്ങിയ കുട്ടി ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു.
സാധാരണയായി കുട്ടികളുടെ മേൽനോട്ടത്തിനായി വനിത സൂപ്പർബൈസറും ഡ്രൈവറോടൊപ്പം വാനിലുണ്ടാകുമെന്ന് ഹസന്‍ ഹാശിമിന്റെ പിതാവായ ഹാശിം അലവി അല്‍ശുഅ്‌ല പറഞ്ഞു. സൂപ്പർവൈസർക്ക് അസുഖമാണെന്നാണ് ഡ്രൈവർ അറിയിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 11.15 ലോടെ കുട്ടിയെ അനക്കമില്ലാതെ കിടക്കുന്ന രീതിയിൽ കണ്ടെത്തിയതായി ഡ്രൈവർ പിതാവിനെ വിളിച്ചറിയിച്ചു. ഹാശിം അലവിയുടെ നിർദേശപ്രകാരം ഡ്രൈവർ കുട്ടിയെ സ്കൂൾ പരിസരത്തുള്ള ഹെൽത്ത് സെന്ററിൽ എത്തിച്ചു. പിന്നീട് കൂടുതൽ ചികിത്സാ സൗകര്യങ്ങളുള്ള പോളിക്ളിനിക്കിലേയ്ക്ക് കുട്ടിയെ മാറ്റിയെങ്കിലും സ്കൂൾ വാനിലുള്ളിൽ വെച്ച് തന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ വിശദ അന്വേഷണത്തിനായി പ്രത്യേക കമ്മറ്റി രൂപീകരിച്ചതായി കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് വക്താവ് സഈദ് അല്‍ബാഹിസ് അറിയിച്ചിട്ടുണ്ട്. ഖത്തറിലുണ്ടായ സമാനമായ സംഭവത്തിൽ സ്കൂൾ ബസ്സിനുള്ളിൽ മലയാളി വിദ്യാർഥിനി അടുത്തിടെ മരിച്ചിരുന്നു. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡനിലുണ്ടായ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്കൂൾ ജീവനക്കാർക്ക് വീഴ്ച ഉണ്ടായതായി തെളിഞ്ഞതിനെ തുടർന്ന് കിൻഡർ ഗാർഡൻ അടച്ചു പൂട്ടിയിരുന്നു.