
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിൽ കുടുംബം ഒപ്പം പോകുന്നത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ യാത്രാ ചെലവ് സർക്കാർ അല്ല വഹിക്കുന്നതെന്നും ഇത് സംബന്ധിച്ച കണക്കുകൾ ആവശ്യപ്പെട്ടാൽ സർക്കാർ പുറത്തുവിടുമെന്നും ആനത്തലവട്ടം പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'മുഖ്യമന്ത്രി വിദേശ പര്യടനം നടത്തുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കൂടെ പോകും. ഇന്ത്യൻ പ്രധാനമന്ത്രി വിദേശ പര്യടനം നടത്തുന്നുണ്ട്. അദ്ദേഹത്തിന് ഭാര്യയെ കൊണ്ടുപോകണം എന്ന് വിചാരിച്ചാൽ സാധിക്കുമോ. മൻമോഹൻ സിംഗ് യാത്ര പോയപ്പോൾ ഭാര്യയെ കൊണ്ടുപോയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ യാത്രാ ചെലവ് സർക്കാർ അല്ല വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പുറത്തുവിടും മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് സംസ്ഥാനത്തിന് വേണ്ടിയാണ്. അല്ലാതെ പാര്‍ട്ടി പരിപാടിക്ക് അല്ല. അതുകൊണ്ട് ചെലവ് സംബന്ധിച്ച് വിവരങ്ങള്‍ രേഖപ്രകാരം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ലഭ്യമാക്കും. സുധാകരനോ മറ്റുള്ളവർക്കോ ചെലവ് സംബന്ധിച്ച കാര്യങ്ങൾ വിവരാവകാശ നിയമപ്രകാരം സർക്കാരിനോട് ചോദിക്കാം. കൃത്യമായ കണക്കുകൾ ലഭിക്കും. കെപിസിസി അദ്ധ്യക്ഷനെന്ന നിലയിൽ സുധാകരൻ ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കരുത്. സ്ഥാനത്തിന് ഉചിതമായി ചിന്തിക്കണം.'- ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.