ball-python

തിരുവനന്തപുരം: ആഗോള വിപണിയിൽ ലക്ഷങ്ങൾ മൂല്യമുള്ള പുത്തൻ താരോദയമാണ് റോയൽ പൈത്തൺ എന്നറിയപ്പെടുന്ന ബോൾ പൈത്തണുകൾ( പെരുമ്പാമ്പ്). അടുത്തിടെയായി ഇവയുടെ അനധികൃത ഇറക്കുമതിയും വിൽപ്പനയും വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച റെവന്യൂ ഇന്റലിജൻസ് ഡയറക്‌ട്രേറ്റിന്റെ മുംബയ് യൂണിറ്റ് വംശനാശം നേരിടുന്നവയുൾപ്പടെ 665 മൃഗങ്ങളെ പിടിച്ചെടുത്തിരുന്നു. വിപണിയിൽ ലക്ഷങ്ങൾ മൂല്യമുള്ള പെരുമ്പാമ്പുകൾ, പല്ലികൾ, ആമകൾ, തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. അഞ്ച് ബോൾ പൈത്തണുകളും കടത്താൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടുത്തിയവയിൽ ഉൾപ്പെടുന്നു.

ഈ മാസമാദ്യം കേരളത്തിലും അനധികൃത മൃഗകടത്ത് ഇന്ത്യൻ റെയിൽവേ റിപ്പോർട്ട് ചെയ്തിരുന്നു. രാജഥാനി എക്‌സ്‌പ്രസിലെ എസി കോച്ചിൽ പെരുമ്പാമ്പിനെ കടത്താൻ ശ്രമിച്ചയാളെ പിടികൂടുകയും ഇയാൾക്ക് പിഴ നൽകുകയും ചെയ്തു. ആഫ്രിക്കയിൽ നിന്നുള്ള പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ണൂർ സ്വദേശിയ്ക്ക് വിൽക്കാൻ കൊണ്ടുപോവുന്നതിനിടെയാണ് പി‌ടിയിലായത്.

പശ്ചിമ, മദ്ധ്യ ആഫ്രിക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന പാമ്പിനങ്ങളാണ് ബോൾ പൈത്തണുകൾ. ഇന്ത്യയിലെ മൃഗസ്‌നേഹികൾക്ക് പ്രിയപ്പെട്ടവയായി മാറികൊണ്ടിരിക്കുന്ന ബോൾ പൈത്തണുകൾക്ക് ലക്ഷങ്ങളാണ് വിപണി മൂല്യം. അതിനാൽതന്നെ ഇവയുടെ അനധികൃത വിൽപ്പനയും പല കേന്ദ്രങ്ങളിലും തകൃതിയായി നടക്കുന്നു.

ബോൾ പൈത്തണുകളുടെ പ്രത്യേകതകൾ

ഇവയുടെ അനധികൃതമായ വളർത്തൽ ഭാവിയിൽ പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. കൗതുകത്തിന്റെ പേരിൽ വളർത്തി ഒടുവിൽ താത്പര്യം നഷ്ടപ്പെടുമ്പോൾ ഇവയെ ഉപേക്ഷിക്കാൻ സാദ്ധ്യതയുണ്ട്. ഇത് പിന്നീട് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. ഇവ പെറ്റുപെരുകുന്നതും നാട്ടിൽ കാണപ്പെടുന്നതും പ്രദേശത്ത് താമസിക്കുന്നവരുടെ ജീവനുവരെ ആപത്ത് വിളിച്ചുവരുത്തും. മാത്രമല്ല പലവിധ പരിസ്ഥിതി പ്രശ്‌നങ്ങളും ഇവയുടെ അനധികൃത വളർത്തൽ മൂലം ഉണ്ടാകുന്നു. ഇവ അധികമായി പെറ്റുപെരുകുന്നത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിച്ചേക്കാം.