cristiano

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ എവർട്ടണെ വീഴ്ത്തി

ലണ്ടൻ : തന്റെ പ്രൊഫഷണൽ ക്ളബ് കരിയറിലെ 700-ാമത് ഗോൾ എന്ന നാഴികക്കല്ല് കുറിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിന്റെ മികവിൽ ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനെ കീഴടക്കി. ഒന്നിനെതിരെ രണ്ടുഗോളുകൾക്കായിരുന്നു മാഞ്ചസ്റ്ററിന്റെ വിജയം. ആദ്യ പകുതിയുടെ അവസാനസമയത്താണ് 1-1എന്ന നിലയിലായിരുന്ന ടീമിനെ ഗോൾ നേടി ക്രിസ്റ്റ്യാനോ വിജയത്തിലെത്തിച്ചത്. പകരക്കാരനായി കളത്തിലിറങ്ങിയാണ് ക്രിസ്റ്റ്യാനോ ചരിത്രനേട്ടം സ്വന്തമാക്കിയത്.

തങ്ങളുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ അഞ്ചാം മിനിട്ടിൽത്തന്നെ ഗോൾനേടി എവർട്ടൺ മാഞ്ചസ്റ്ററിനെ ഞെട്ടിച്ചിരുന്നു. മനോഹരമായൊരു ലോംഗ് റേഞ്ചറിലൂടെ അലക്‌സ് ഇവോബിയാണ് എവർട്ടണിന് ലീഡ് സമ്മാനിച്ചത്. വൈകാതെ മാഞ്ചസ്റ്റർ തിരിച്ചടിച്ചു. അന്തോണി മാർഷ്യലിന്റെ അസിസ്റ്റിൽ വിംഗർ ആന്റണിയാണ് വലകുലുക്കിയത്. ഇതോടെ ആദ്യ മൂന്ന് പ്രീമിയർ ലീഗ് മത്സരത്തിലും ഗോൾ നേടുന്ന ആദ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി ആന്റണി മാറി.

29-ാം മിനിട്ടിൽ പരിക്കേറ്റ അന്തോണി മാർഷ്യലിന് പകരക്കാരനായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങിയത്. ആദ്യ പകുതി അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കി നില്‍ക്കേ ക്രിസ്റ്റ്യാനോയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവും കുറിച്ചു.

ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളിൽ അഞ്ച് ജയവും മൂന്ന് തോൽവിയുമടക്കം 15 പോയന്റാണ് ക്ളബിനുമുളളത്. ആദ്യ ഗോൾ വഴങ്ങിയതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കുന്ന നൂറാം പ്രീമിയർ ലീഗ് മത്സരം കൂടിയായി

രുന്നു ഇത്.

4 ക്ലബ്ബുകൾ, 700 ഗോളുകൾ

5 ഗോളുകൾ സ്‌പോർട്ടിംഗ് ലിസ്ബണിനുവേണ്ടി

450 ഗോളുകൾ റയൽ മാഡ്രിഡിന് വേണ്ടി

101 ഗോളുകൾ യുവന്റസിനായി

മാഞ്ചസ്റ്റർ യുണൈറ്റഡിനായി 144 ഗോളുകൾ

രണ്ടാംവരവിൽ 26 ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 2003-09 കാലയളവിൽ 118 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയിരുന്നത്. 2021-ൽ ടീമിലേക്ക് തിരിച്ച് വന്നതിന് ശേഷം 26 തവണയും വലകുലുക്കി. ഈ സീസണിൽ പ്രിമിയർ ലീഗിൽ ക്രിസ്റ്റ്യാനോ നേടുന്ന ആദ്യ ഗോളായിരുന്നു എവർട്ടണിന് എതിരെയുള്ളത്. റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ. 117 അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായ ക്രിസ്റ്റ്യാനോ പോർച്ചുഗലിനായി 189 മത്സരങ്ങളിൽ നിന്നായി 117 ഗോളുകൾ നേടിയിട്ടുണ്ട്. 20 വർഷം മുമ്പാണ് പോർച്ചുഗീസ് ക്ളബ് സ്പോർട്ടിംഗ് ലിസ്ബണിന് വേണ്ടി ക്രിസ്റ്റ്യനോ തന്റെ കരിയറിലെ ആദ്യ പ്രൊഫഷണൽ ക്ളബ് ഗോൾ നേടിയത്.