ചോറും നാടൻ മീൻ കറിയും മീൻ വറുത്തതും എക്കാലവും മലയാളികൾക്ക് പ്രിയപ്പെട്ടതായിരിക്കും. ചൂര മീൻ കറിയ്ക്കും ആരാധകർ നിരവധിയാണ്. കപ്പയും മീൻകറിയും ഒട്ടുമിക്കപ്പേരുടെയും ഇഷ്ടകോംബിനേഷനാണ്. അതിനാൽതന്നെ കപ്പപ്പുഴുക്കിനോടൊപ്പവും ചോറിനോടൊപ്പവുമെല്ലാം കഴിക്കാവുന്ന ചൂര തേങ്ങാപ്പാൽ കറിയും ഫ്രൈയുമാണ് ഇത്തവണത്തെ സോൾട്ട് ആന്റ് പെപ്പറിൽ തയ്യാറാക്കുന്നത്.
ചൂരമീൻ കഷ്ണങ്ങളാക്കിയത്, ഒരു സവാള ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി, ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു തേങ്ങ മുഴുവനും ചിരണ്ടിയതിന്റെ തേങ്ങാപ്പാൽ, മുളകുപൊടി, കാശ്‌മീരി മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, മല്ലിയില, കറിവേപ്പില, പച്ചമുളക്, ഉപ്പ് എന്നിവയാണ് ചൂര തേങ്ങാപ്പാൽ കറിയും ഫ്രൈയും ഉണ്ടാക്കാനാവശ്യമായ ചേരുവകൾ.

ആദ്യം പാനിൽ എണ്ണ ചൂടാക്കി കടുകും ഉലുവയും വറുക്കണം. ഇതിലേയ്ക്ക് സവാള അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കണം. മുളകുപൊടി, കാശ്‌മീരി മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, എന്നിവയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് അരപ്പ് രൂപത്തിലാക്കണം. വഴറ്റിവച്ചിരിക്കുന്ന സവാളയിലേയ്ക്ക് ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർത്തുകൊടുക്കാം. ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിവച്ചിരിക്കുന്ന അരപ്പ് ചേർക്കണം. അരപ്പ് വെന്തുവരുമ്പോൾ കുറച്ച് കറിവേപ്പില ചേർക്കണം. ശേഷം ആവശ്യത്തിന് പുളിവെള്ളം ചേർക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പുചേർത്തുകൊടുക്കണം. പിന്നാലെ കഷ്ണങ്ങളാക്കിയ ചൂര മീൻ അരപ്പിലേയ്ക്ക് ഇടണം. കുറച്ച് പച്ചമുളക് കീറിയത് ചേർത്ത് കുറച്ചുനേരം അടച്ചുവച്ച് വേവിക്കണം.
മീൻ ഫ്രൈ ചെയ്യുന്നതിനായി കുറച്ച് മുളകുപൊടി, കുരുമുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ അരപ്പാക്കി മീൻ കഷ്ണങ്ങളിൽ നന്നായി യോജിപ്പിക്കണം.
മീൻ കറി തയ്യാറായി കഴിയുമ്പോൾ കുറച്ച് മല്ലിയില, കറിവേപ്പില, പച്ചമുളക് കീറിയത് എന്നിവ ചേർത്തുകൊടുക്കാം. ഇത് കുറച്ച് നേരം അടച്ചുവയ്ക്കണം. ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിവച്ച തേങ്ങാപ്പാൽ കൂടി ചേർത്ത് കുറച്ചുനേരം കൂടി അടുപ്പിൽവച്ച് കഴിഞ്ഞ് മാറ്റിവയ്ക്കണം. അടിപൊളി തേങ്ങാപ്പാൽ ചൂരമീൻ കറി തയ്യാറായിക്കഴിഞ്ഞു.
പാനിൽ എണ്ണ ചൂടാക്കി കുറച്ച് കറിവേപ്പില ഇട്ട് അരപ്പുചേർത്തുവച്ചിരിക്കുന്ന മീൻ കഷ്ണങ്ങളിട്ട് വറുത്തെടുക്കാം.