murder

ആഗ്ര: രണ്ട് വർഷം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കാമുകന്റെ കിടപ്പുമുറിയിൽ കുഴിച്ചുമൂടിയതായി കണ്ടെത്തി. ഉത്തർപ്രദേശിലെ ഫിറോസാബാദ് കിത്തോത് സ്വദേശിയായ പെൺകുട്ടിയുടെ കൊലപാതകമാണ് പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തിൽ കിത്തോത്ത് സ്വദേശിയായ ഗൗരവ് സിംഗ്(25) ഇയാളുടെ പിതാവ് ചന്ദ്രബാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു.

രണ്ട് വർഷം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. സമീപവാസിയായ പെൺകുട്ടിയെ ഇരുചക്ര വാഹനം ഓടിക്കാൻ പഠിപ്പിച്ചിരുന്നത് ഗൗരവായിരുന്നു. ഇതിന് പിന്നാലെ ഇരുവരും അടുപ്പത്തിലായി. എന്നാൽ ഗൗരവിന്റെ കുടുംബാംഗങ്ങൾ ഇവരുടെ ബന്ധത്തെ എതിർത്തു. ഇതിനിടെ പെൺകുട്ടി വിവാഹത്തിന് സമ്മർദം ചെലുത്തിയതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഗൗരവ് പെൺകുട്ടിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി മറ്റ് പ്രതികൾക്കൊപ്പം ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ വീട്ടിലെ കിടപ്പുമുറിയിൽ കുഴിയെടുത്ത് മൃതദേഹം മറവുചെയ്തു. ശേഷം തറ വീണ്ടും പഴയപോലെ ആക്കുകയും ഈ ഭാഗത്ത് ഗോതമ്പ് സൂക്ഷിക്കുകയും ചെയ്തു.

സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയത്. മകളെ ഗൗരവ് തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ഇവരുടെ പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ ഗൗരവും പിതാവും സഹോദരങ്ങളും നാടുവിട്ടു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ഇതോടെയാണ് പെൺകുട്ടി കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. തുടർന്ന് പ്രതികളുമായി പൊലീസ് സംഘം വീട്ടിലെത്തി നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ഒളിവിൽ കഴിയുന്ന ഗൗരവിന്റെ സഹോദരങ്ങളെയും ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.