
തിരുവനന്തപുരം: പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളി കോവളത്തുവച്ച് മർദ്ദിച്ചെന്ന പരാതിയുമായി അദ്ധ്യാപിക. വ്യക്തിപരമായി സൗഹൃദമുള്ള എം എൽ എയുമായി ഒരേവാഹനത്തിൽ സഞ്ചരിക്കുമ്പോൾ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് മർദ്ദിക്കുകയായിരുന്നു എന്നുമാണ് സ്വകാര്യ സ്കൂളിലെ അദ്ധ്യാപിക നൽകിയ പരാതിയിൽ പറയുന്നത്. കോവളം സി ഐയാണ് പരാതിയെക്കുറിച്ച് അന്വേഷിക്കുന്നത്. എന്നാൽ അദ്ധ്യാപിക ഇതുവരെ വിശദമായ മൊഴിനൽകാൻ തയ്യാറായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരിയുടെ വിശദമായ മൊഴി ലഭിക്കുന്ന മുറയ്ക്ക് മുന്നോട്ടുപോകുമെന്നും പൊലീസും പറയുന്നു.
എന്നാൽ അദ്ധ്യാപികയുടെ പരാതിയെ എൽദോസ് കുന്നപ്പിള്ളി തള്ളി. മർദ്ദിച്ചിട്ടില്ലെന്നും ആരേയും മർദ്ദിക്കുന്ന ആളല്ല താനെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, കോവളത്ത് പോയിരുന്നോയെന്നും അദ്ധ്യാപികയെ അറിയാമോയെന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കാൻ എം എൽ എ തയ്യാറായില്ല. 'അങ്ങനെയൊരു കുറ്റവും ഞാൻ ചെയ്തിട്ടില്ല. പൊലീസ് അന്വേഷിക്കട്ടെ. അന്വേഷണം നടക്കുമ്പോൾ പ്രതികരിക്കേണ്ട കാര്യമില്ല. ഞാൻ ആരേയും മർദ്ദിച്ചിട്ടില്ല, ആരേയും മർദ്ദിക്കുന്ന ആളല്ല. പൊലീസിന് കൊടുത്ത പരാതി കണ്ടിട്ടില്ല. പൊലീസ് വിളിച്ച് ചോദ്യം ചെയ്തിട്ടില്ല', എന്നിങ്ങനെയായിരുന്നു അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്.