
ബാഴ്സലോണ 1- സെൽറ്റ വിഗോ 0
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സെൽറ്റ ഡി വിഗോയെ തോൽപ്പിച്ച മുൻ ചാമ്പ്യന്മാരായ ബാഴ്സലോണ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ മറികടന്ന് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തെത്തി.
സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിന്റെ 17-ാം മിനിട്ടിൽ പെഡ്രി നേടിയ ഗോളിലൂടെയാണ് ബാഴ്സ വിജയം കണ്ടത്. ഗാവിയുടെ ഒരു ക്രോസ് സെൽറ്റ ഡിഫൻഡർ ന്യൂനസ് ക്ളിയർ ചെയ്തതിലെ പിഴവ് മുതലെടുത്താണ് പെഡ്രി വലകുലുക്കിയത്.
സീസണിൽ എട്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ഏഴു കളികൾ വീതം ജയിച്ച ബാഴ്സയ്ക്കും റയൽ മാഡ്രിഡിനും 22 പോയിന്റ് വീതമാണുള്ളത്. എന്നാൽ ഗോൾ വ്യത്യാസത്തിന്റെ മികവിലാണ് ബാഴ്സ റയലിനെ മറികടന്ന് ഒന്നാമതെത്തിയത്. ബാഴ്സ 20 ഗോളുകൾ അടിച്ചപ്പോൾ വഴങ്ങിയത് ഒരൊറ്റയെണ്ണം മാത്രമാണ്. റയലാവട്ടെ 19 ഗോളുകളടിച്ചു. ഏഴെണ്ണം വഴങ്ങുകയും ചെയ്തു.