
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ശിഹാബ് കണാമറയത്ത് തന്നെ. സംഭവം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.
പൊലീസുകാരന്റെ ഫോൺ സ്വിച്ച് ഓഫാണെന്നും പ്രതിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ലെന്നുമാണ് കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി പൊലീസ് നൽകുന്ന വിശദീകരണം. കഴിഞ്ഞമാസം മുപ്പതിനാണ് പ്രതി മാമ്പഴം മോഷ്‌ടിച്ചത്.
പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി- മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്‌ടിക്കുകയായിരുന്നു. സ്കൂട്ടർ കടയുടെ സമീപം നിർത്തിയ ശേഷം പെട്ടികളിലുണ്ടായിരുന്ന പത്തുകിലോയോളം മാമ്പഴം ശിഹാബ് തന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇയാളെ സസ്‌പെൻഡ് ചെയ്‌തിരുന്നു.