
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിദേശ യാത്ര രഹസ്യമാക്കിയതെന്തിനെന്നും തട്ടിക്കൂട്ടിയ യാത്രയിൽ സുതാര്യതയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശയാത്രയ്ക്ക് പോകുന്നതിന് പ്രതിപക്ഷം എതിരല്ല. പക്ഷേ, യാത്ര സർക്കാർ ചെലവിലാകുമ്പോൾ എന്തിന് വേണ്ടിയാണ് പോയതെന്നത് സംബന്ധിച്ച് വ്യക്തമായ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളെ ബോധ്യപ്പെടുത്തമെന്നും അദ്ദേഹം കോഴിക്കോട്ട് മാദ്ധ്യമപ്രവർത്തരോട് പറഞ്ഞു.
'കുടുംബ സമേതമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയത്. രാഷ്ട്രീയക്കാരെയും ഭരണനേതൃത്വത്തെയും കുറിച്ച് പൊതുസമൂഹത്തിന് ആക്ഷേപമുള്ള ഇക്കാലത്ത് ഇക്കാര്യങ്ങളിലെല്ലാം സുതാര്യത ഉണ്ടാകണം. വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമാണ് ഉണ്ടാകുന്നത്. എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോയതെന്ന് പ്രതിപക്ഷത്തിന് പോലും അറിയില്ല. ഒരു സുതാര്യതയും ഇല്ലാത്ത തട്ടിക്കൂട്ട് യാത്രയാണിത്. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കാനുള്ള ഒന്നും ഇതുവരെ നടത്തിയിട്ടില്ല. സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായെന്നും യാത്രയ്ക്കുള്ള പണം എവിടെ നിന്ന് കിട്ടിയെന്നുമൊക്കെ മുഖ്യമന്ത്രി തന്നെയാണ് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്. മുൻപ് നടത്തിയ യാത്രകൾ കൊണ്ട് എന്ത് നേട്ടമുണ്ടായി. അന്ന് മുന്നൂറ് കോടിയുടെ നിക്ഷേപം ഉണ്ടാകുമെന്നാണ് പറഞ്ഞത്. എന്നിട്ട് മൂന്നു കോടി രൂപയുടെയെങ്കിലും നിക്ഷേപമുണ്ടായോ? - വി ഡി സതീശൻ ചോദിച്ചു.കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് ഗുരുതര വീഴ്ചയാണെന്നുംവിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സർക്കാരും അദാനിയും തമ്മിൽ ധാരണയിലാണെന്നും വി ഡി സതീശൻ പറഞ്ഞു. 'അദാനിയുമായി ഒത്തുചേർന്ന് സർക്കാർ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്. സമരം ചെയ്തതിന് മത്സ്യത്തൊഴിലാളികൾ നഷ്ടപരിഹാരം നൽകണമെങ്കിൽ കേരളത്തിൽ സി പി എമ്മിന്റെ നേതാക്കളുടെ എല്ലാ സ്വത്തുക്കളും വിൽക്കേണ്ടി വരുമായിരുന്നു. കേരളത്തിൽ സമരം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച ഏക പാർട്ടി സി പി എമ്മാണ്. വിഴിഞ്ഞത്തെ സാധാരണ മത്സ്യത്തൊഴിലാളികൾ അതിജീവനത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത്'-പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.