
വീട്ടിലെയോ തെരുവിലെയോ നായകൾ നിറുത്താതെ ഓരിയിടുമ്പോൾ പഴമക്കാർ പറയുന്ന ഒരു കാര്യമുണ്ട്, കാലൻ വരുന്നു എന്ന്. ഇന്നത്തെ തലമുറയ‌്ക്ക് ഇത്തരം ചൊല്ലുകൾ ചിരിച്ചു തള്ളാനേ കഴിയൂ. എന്നാൽ സോഷ്യൽ മീഡിയയിൽ അടുത്തിടെ പ്രചരിക്കുന്ന ഒരു വീഡിയോ അൽപം ഭയത്തോടു കൂടി മാത്രമേ കാണാൻ കഴിയൂ. വളർത്തു നായയുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വീഡിയോ.
സാമൂഹിക മാദ്ധ്യമമായ റെഡിറ്റിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. റെഡിറ്റ് യൂസറിലൊരാളുടെ വീട്ടിലാണ് സംഭവം നടന്നത്. മകനുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്ന തന്റെ വളർത്തു നായയെ പെട്ടെന്ന് എന്തോ തള്ളി മാറ്റി എന്നാണ് ഇയാൾ പറയുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പേ നടന്ന സംഭവമാണെങ്കിലും, അതിന്റെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്യപ്പെട്ടിരുന്നു.
വീട്ടിൽ പലതവണ പിന്നെയും ഇത്തരം അനുഭവങ്ങൾ കുടുംബാംഗങ്ങൾക്ക് ഉണ്ടായിട്ടുണ്ടെന്ന് ഇവർ പറയുന്നു. ആർക്കും കാണാൻ കഴിയാത്ത എതോ ഒരു അദൃശ്യ ശക്തി തങ്ങൾക്ക് ചുറ്റും ഉണ്ടെന്നാണ് കുടുംബനാഥയുടെ പ്രതികരണം. അതൊരു സ്ത്രീയാണെന്നും, തന്നോളം പൊക്കം ആ രൂപത്തിനുണ്ടെന്നും വീട്ടമ്മ വെളിപ്പെടുത്തുന്നു. നിരവധി അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വീട് മാറാൻ ഒരുങ്ങുകയാണ് കുടുംബം.