surya

അടുത്തിടെ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം 'വിക്രം' തമിഴ് സിനിമാ മേഖലയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. മലയാളി ആരാധകരും ഏറ്റെടുത്ത സിനിമ വമ്പൻ ഹിറ്റായിരുന്നു. വിക്രമിലെ കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ എന്നിവരുടെയെല്ലാം കഥാപാത്രങ്ങളെ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ വിക്രമിലെ റോളക്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് താത്‌പര്യമില്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തമിഴ്‌ നടൻ സൂര്യ.

കമൽ ഹാസന് വേണ്ടിമാത്രമാണ് താൻ റോളക്‌സിനെ അവതരിപ്പിക്കാൻ തയ്യാറായതെന്ന് സൂര്യ വെളിപ്പെടുത്തി. താനിന്ന് എന്തുതന്നെയായാലും, ജീവിതത്തിൽ എന്തു ചെയ്താലും, കമൽ സാർ എപ്പോഴും തന്റെ പ്രചോദനം തന്നെയായിരിക്കുമെന്ന് സൂര്യ പറഞ്ഞു. അദ്ദേഹം വിളിച്ച് കഥാപാത്രത്തിന്റെ കാര്യം പറഞ്ഞപ്പോൾ വേണ്ടെന്നുവയ്ക്കാൻ തനിക്കാകുമായിരുന്നില്ല. അവസാന നിമിഷമെടുത്തൊരു തീരുമാനമായിരുന്നു അത്. ആ കഥാപാത്രം ചെയ്യാനാകില്ലെന്ന് ലോകേഷിനോട് വിളിച്ചുപറയാൻ ഒരുങ്ങുകയായിരുന്നു താൻ. എന്നാൽ അദ്ദേഹത്തിന് വേണ്ടിമാത്രമാണ് ആ കഥാപാത്രം ചെയ്തതെന്നും സൂര്യ പറഞ്ഞു. റോളക്‌സിന്റെ വേഷത്തിൽ തിരിച്ചെത്തുമോയെന്നതിന് കാലം ഉത്തരം നൽകുമെന്നും കഥാപാത്രം തന്നെ തേടിയെത്തിയാൽ സ്വീകരിക്കുമെന്നും സൂര്യ കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന ഫിലിംഫെയർ അവാർ‌ഡ്‌സ് 2022 സൗത്തിൽ സൂരറൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം സൂര്യ നേടിയിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ ആരാധകർ റോളക്‌സ് എന്ന് ഉച്ചത്തിൽ വിളിക്കാൻ ആരംഭിച്ചു. ഇതിനിടെ പരിപാടിയുടെ അവതാരകൻ റോളക്‌സിന്റെ തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം മനസുതുറന്നത്.

I did it for one man "ulaganayagan" #kamalhassan #Rolex#southfilmfare #filmfareawards2022 @ikamalhaasan @suru #bengaluru pic.twitter.com/yK07292uRm

— Civic Ranter (@deerajpnrao) October 9, 2022

ലോകേഷ് കനകരാജിന്റെ തന്നെ കൈതി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമെന്നോണം എത്തിയ വിക്രം ഈ വർഷം പുറത്തിറങ്ങിയവയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയാണ്. ലോകമെമ്പാടുനിന്നും 440 കോടിയാണ് ചിത്രം കളക്‌ട് ചെയ്തത്. വിക്രമിൽ അതിഥി വേഷത്തിലാണ് സൂര്യ എത്തിയത്. സിനിമയുടെ ഏറ്റവും ഒടുവിലത്തെ ഭാഗത്തിൽ എത്തിയ വില്ലൻ കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്തിരുന്നു.