asia-cup

സിൽഹത്ത് : ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ അട്ടിമറി വീര്യം കാട്ടാനെത്തിയ തായ‌്ലാൻഡിനെ തകർത്ത് തരിപ്പണമാക്കിയ ഇന്ത്യ സെമിഫൈനൽ ഉറപ്പാക്കി. ബംഗ്ളാദേശിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ തായ്‌ലാൻഡുകാരികളെ 15.1 ഓവറിൽ വെറും 37 റൺസിന് ആൾഒൗട്ടാക്കിയശേഷം ആറോവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം നേടുകയായിരുന്നു ഇന്ത്യ.

നാലോവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്നേഹ് റാണയും നാലോവറിൽ ഒരു മെയ്ഡനടക്കം 10 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയും മൂന്നോവറിൽ എട്ടുറൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്ക്‌വാദും ചേർന്നാണ് തായ്‌ലാൻഡിനെ ഭസ്മമാക്കിയത്. 12 റൺസെടുത്ത ഓപ്പണർ നന്നാപാട്ട് കൊഞ്ചാരെൻകേയ് ഒഴികെ ആർക്കും രണ്ടക്കം കടക്കാനായില്ല.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഷെഫാലി വെർമ്മയുടെ(8) വിക്കറ്റ് മാത്രമാണ് നഷ്ടമായത്.മേഘ്നയും (20) പൂജ വസ്ത്രാകറും (12) പുറത്താകാതെനിന്നതോടെയാണ് 84 പന്തുകൾ ബാക്കിനിറുത്തി വിജയം കണ്ടത്.

ഇതോടെ പ്രാഥമിക റൗണ്ടിലെ ആറുമത്സരങ്ങളും പൂർത്തിയാക്കിയ ഇന്ത്യഅഞ്ചുജയമുൾപ്പടെ 10 പോയിന്റുമായാണ് ഒന്നാംസ്ഥാനക്കാരായി സെമിയിലെത്തിയത്.