
കോഴിക്കോട്: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര തട്ടിക്കൂട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രഹസ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. യാത്ര കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായെന്നും യാത്രയ്ക്കുള്ള പണം എവിടെനിന്ന് കിട്ടിയെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബസമേതമുള്ള വിദേശയാത്ര സംബന്ധിച്ച് കോൺഗ്രസിന്റെ അഭിപ്രായം കെ.പി.സി.സി അദ്ധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. വിദേശയാത്ര സർക്കാർ ചെലവിലാകുമ്പോൾ എന്തിന് വേണ്ടിയാണെന്നും പ്രോഗ്രസ് റിപ്പോർട്ടും ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം.
മുമ്പ് നടത്തിയ യാത്രകൾ കൊണ്ട് മുന്നൂറ് കോടിയുടെ നിക്ഷേപം ഉണ്ടാകുമെന്നാണ് പറഞ്ഞത്. എന്നിട്ട് മൂന്നു കോടി രൂപയുടെയെങ്കിലും നിക്ഷേപമുണ്ടായോ? സർക്കാർ ചെലവിലാണ് യാത്രയെന്നതിനാൽ അത് പരസ്യമാക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ബാദ്ധ്യതയുണ്ടെന്നും സതീശൻ പറഞ്ഞു.