
എത്ര വളവും വെള്ളവും നൽകിയിട്ടും ചെടികൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ലെന്ന പരാതി ഒട്ടുമിക്കവർക്കുമുണ്ട്. ഇലകൾ മുരടിച്ച് ആകെ മഞ്ഞളിച്ച് വളർച്ച മുരടിച്ച അവസ്ഥയിലായിരിക്കും ചെടികൾ. മെഗ്നീഷ്യം പോലുള്ള പോഷകാംശങ്ങൾ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കിൽ ചെടി മൊത്തത്തിൽ നശിച്ചുപോവുകയും ചെയ്യും.
ഹൈഡ്രേറ്റഡ് മെഗ്നീഷ്യം സൾഫേറ്റ് അഥവാ എപ്‌സം സാൾട്ടാണ് ഈ സമയത്ത് കർഷകരെ സഹായിക്കുന്നത്. പേരിലും രൂപത്തിലും ഉപ്പിനോട‌് സാമ്യമുണ്ടെങ്കിലും ഇത് പാചകത്തിനുപയോഗിക്കുന്ന ഉപ്പല്ല. ഇത് ശരിയായ അളവിൽ ഉപയാേഗിച്ചാൽ ചെടികൾ ആരോഗ്യത്തോടെ വളർന്ന് നിറയെ പൂക്കുകയും കായ്ക്കുകയും ചെയ്യും.
ഓർക്കിഡ് ഉൾപ്പെടെയുള്ള എല്ലാ പൂച്ചെടികൾക്കും തെങ്ങ്, വാഴ തുടങ്ങിയവയ്ക്കും അത്യുത്തമമാണ് എപ്‌സം സാൾട്ട്. മാജിക് വളമെന്നാണ് കർഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്.
ആവശ്യമായ അളവിൽ എടുത്ത് വെള്ളത്തിൽ കലർത്തിയശേഷം ചെടികളുടെ ഇലകളിൽ സ്പ്രേചെയ്തുകൊടുക്കുകയോ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയോ ചെയ്യണം. ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ എപ്‌സം സാൾട്ടാണ് ചേർക്കേണ്ടത്. കൂടുതലായാൽ ദോഷമേ ഉണ്ടാകൂ. ഒരുമാസത്തിൽ ഒരിക്കൽ മാത്രമേ ഇത് നൽകാവൂ എന്നതും പ്രത്യേകം ശ്രദ്ധിക്കണം. എപ്‌സം സാൾട്ട് നൽകുന്നതിനൊപ്പം മറ്റ് വളങ്ങളും നൽകാം.എല്ലാ ചെടികൾക്കും വിളകൾക്കും നല്ലതാണെങ്കിലും ചീരയ്ക്ക് ഇത് പ്രയോഗിക്കാതിരിക്കുന്നതാണ് നല്ലത്. എളുപ്പത്തിൽ ചീര പൂവിട്ടുപോകും എന്നതാണ് കാരണം.
എല്ലാ വളക്കടകളിലും ചില മെഡിക്കൽ സ്റ്റോറുകളിൽ എപ്‌സം സാൾട്ട് വാങ്ങാൻ കിട്ടും. ഓൺലൈനിലും വാങ്ങാൻ കിട്ടും. കിലോയ്ക്ക് അറുപതുരൂപയ്ക്കടുത്തായിരിക്കും വില. കുട്ടികളുടെ കൈ എത്താത്ത സ്ഥലങ്ങളിലായിരിക്കണം ഇത് സൂക്ഷിക്കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.