vd-satheesan

കോഴിക്കോട്: വിഴിഞ്ഞം വിഷയത്തിൽ സർക്കാരും അദാനിയും തമ്മിൽ ധാരണയിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.തുറമുഖം വരുന്നതുകൊണ്ടാണ് തീരശോഷണമുണ്ടായതും വീടുകൾ നഷ്ടപ്പെട്ടതും.എന്നാൽ കാലാവസ്ഥാ വ്യതിയാനമാണ് തീരശോഷണത്തിന് കാരണമെന്ന അദാനിയുടെ അതേ നിലപാടാണ് സർക്കാരിനുമെന്നും അദ്ദേഹം പറഞ്ഞു. അദാനിയുമായി ചേർന്ന് സർക്കാർ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്.സമരം ചെയ്തതിന് മത്സ്യത്തൊഴിലാളികൾ നഷ്ടപരിഹാരം നൽകണമെന്നാണെങ്കിൽ കേരളത്തിൽ സി.പി.എമ്മിന്റെയും നേതാക്കളുടെയും എല്ലാ സ്വത്തുക്കളും വിൽക്കേണ്ടി വരുമായിരുന്നു.

സ്വർണക്കടത്തിൽ തെളിവുസഹിതം സ്വപ്‌ന നടത്തിയ ഗൗരവതരമായ വെളിപ്പെടുത്തലുകളിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ല.കേന്ദ്ര ഏജൻസികളും സി.പി.എം നേതൃത്വവും തമ്മിൽ ധാരണയിലെത്തിയെന്ന പ്രതിപക്ഷ ആരോപണം ശരി വയ്ക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.