
കൊച്ചി: നിയമം ലംഘിക്കുന്ന വാഹനങ്ങൾ നാളെ മുതൽ നിരത്തിൽ കാണാൻ പാടില്ലെന്ന് ഹൈക്കോടതി. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് മൂന്ന് മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്യണമെന്നും കോടതി നിർദേശിച്ചു. വടക്കഞ്ചേരി അപകടത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വടക്കഞ്ചേരി അപകടമുണ്ടാക്കിയ ബസ് മുഴുവൻ നിയമവിരുദ്ധമായ ലൈറ്റുകളാണെന്നും ഇത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു. ഒറ്റ നോട്ടത്തിൽതന്നെ ഒന്നിലധികം നിയമലംഘനങ്ങൾ ബസിൽ കാണാൻ കഴിയും. ഇത് ഇനിയും അംഗീകരിക്കാൻ കഴിയില്ല. ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് മുൻപേ ചട്ടമുള്ളതാണ്. ഇത് ലംഘിച്ചാണ് മുന്നോട്ടുപോകുന്നത്. ഇത്തരം നിയമലംഘനങ്ങൾ പൊതുനിരത്തിൽ അപകടം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ഇത്രയധികം ലൈറ്റുകൾ സ്ഥാപിക്കുന്നത് ഡ്രൈവറുടെ കാഴ്ചയെ ബാധിക്കാനിടയുണ്ട്. ലൈറ്റുകളുടെ ഗ്ളെയർ വാഹനം ഓടിക്കുന്നയാൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.വാഹനങ്ങൾക്ക് കൃത്യമായ കളർ കോഡുണ്ട്. കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള ബസുകൾ കളർ കോഡുകൾ പാലിക്കണമെന്നും ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു.
നിയമം ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണം.മോട്ടോർ വാഹനവകുപ്പും പൊലീസും രാത്രികാല പരിശോധന ശക്തമാക്കണം. പൊലീസ് വേണ്ടിവന്നാൽ എം വി ഡിയ്ക്ക് സഹായം നൽകണം. ടൂറിസ്റ്റ് ബസുകൾക്ക് ഒരേനിറം കർശനമാക്കണം. രൂപമാറ്റം വരുത്തിയ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കണം. ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം.തുടർനടപടികൾ കീഴ്‌ക്കോടതികൾക്ക് തീരുമാനിക്കാം. നിയമം ലംഘിക്കുന്ന വാഹനങ്ങൾ സ്‌കൂൾ,കോളേജ് ക്യാമ്പസുകളിൽ കയറ്റാൻ പോലും പാടില്ലെന്നും കോടതി വ്യക്തമാക്കി.
വാഹന പരിശോധനയിൽ ഉണ്ടാകുന്ന വീഴ്ച സംബന്ധിച്ച് പൊലീസിനെയും കോടതി വിമർശിച്ചു.നിയമം തെറ്റിച്ചെന്ന് കണ്ടാൽ വാഹനങ്ങൾ ഉടൻ പിടിച്ചെടുക്കണം. ഇത്തരം വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്ളോഗർമാരും കുറ്റക്കാരല്ലേയെന്നും കോടതി ചോദിച്ചു. നിയമലംഘനം നടത്തിയ വാഹനങ്ങളിൽ യാത്രാനുമതി നൽകുന്ന പ്രിൻസിപ്പാളിനും അദ്ധ്യാപകർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.