
ഷാർജ: എസ്.എൻ.ഡി.പി യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന നവതിയും സേവനം സംഘടനയുടെ യു.എ.ഇ യിലെ രൂപീകരണത്തിന്റെ ഇരുപതാം വാർഷികവും അടുത്ത ജനുവരി 29 ന് വിപുലമായി ആഘോഷിക്കും. അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിലായിരിക്കും ആഘോഷ പരിപാടികൾ.
സേവനം ഇരുപതാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ ജില്ലകളിലായി ഇരുപത് നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നല്കുവാനും ഷാർജ മുബാറക് സെന്ററിൽ ചേർന്ന പൊതുയോഗം തീരുമാനിച്ചു. ആഘോഷ പരിപാടിയിൽ പ്രമുഖ വ്യവസായി എം.എ. യൂസഫ് അലി മുഖ്യാതിഥിയാകും. ഇന്ത്യയിൽ നിന്നുള്ള കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠരും എസ്.എൻ.ഡി.പി യോഗം ഭാരവാഹികളും പങ്കെടുക്കുമെന്ന് യു.എ.ഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ. രാജൻ പറഞ്ഞു.
പരിപാടികളുടെ നടത്തിപ്പിനായി 301 പേരുള്ള സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ: എം.കെ. രാജൻ (ചെയർമാൻ, ജനറൽ കൺവീനർ), ശ്രീധരൻ പ്രസാദ് (വൈസ് ചെയർമാൻ), കെ.എസ്. വാചസ്പതി (സെക്രട്ടറി), ജെ.ആർ.സി ബാബു (കൺവീനർ, ഫിനാൻസ്), ഷൈൻ കെ. ദാസ്, സുരേഷ് തിരുക്കുളം, ചാറ്റർജി, മണിലാൽ, സാജൻ സത്യ, ഡോ. രഞ്ജിത്ത് (ജോ. ജനറൽ കൺവീനർമാർ).
യു.എ.ഇയിലെ മുഴുവൻ സംഘടനാ അംഗങ്ങളെയും കുടുംബാംഗങ്ങളെയും കേരള സർക്കാരിന്റെ പ്രവാസി പെൻഷൻ പദ്ധതിയിൽ അംഗങ്ങളാക്കും. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന അംഗങ്ങൾക്ക് സംഘടനയിൽ നിന്ന് സാമ്പത്തിക സഹായം നല്കുവാനും യോഗം തീരുമാനിച്ചു. എം.കെ. രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീധരൻ പ്രസാദ് പ്രവർത്തന റിപ്പോർട്ടും ജെ.ആർ.സി ബാബു വാർഷിക വരവു ചെലവു കണക്കും അവതരിപ്പിച്ചു. ഉഷാ ശിവദാസൻ, സാജൻ സത്യ എന്നിവർ സംസാരിച്ചു. സുരേഷ് തിരുകുളം സ്വാഗതവും ഷൈൻ കെ. ദാസ് നന്ദിയും പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ
..................................
ഷാർജ മുബാറക് സെന്ററിൽ ചേർന്ന എസ്.എൻ.ഡി.പി യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റി വാർഷിക പൊതുയോഗത്തിൽ നിന്ന്