bus

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകളിൽ സുരക്ഷാ പരിശോധനകൾ മോട്ടോർ വാഹന വകുപ്പ് കർശനമായി നടത്തവെ പണിമുടക്ക് സൂചനയുമായി ബസുടമകളുടെ സംഘടന. ഡീസൽ വിലവർദ്ധനയും യാത്രക്കാരുടെ എണ്ണത്തിലെ കുറവും ബസുടമകൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നുണ്ട്. ഇതിനിടയിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയുടെ പേരിൽ ബസ് തടഞ്ഞ് നിർത്തി പീഡിപ്പിക്കുന്നത് തുടർന്നാൽ സർ‌വീസ് നിർത്തിവയ്‌ക്കാൻ നിർബന്ധിതമാകുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചു.

ഉദ്യോഗസ്ഥർ ബസ് തടഞ്ഞുനിർത്തി ഭീമമായ പിഴ ചുമത്തുന്നത് സർവീസ് നടത്താനാകാത്ത സാഹചര്യത്തിലെത്തിച്ചു. ടൂറിസ്‌റ്റ് ബസുകളിൽ വ്യാപക പരിശോധന നടത്തുന്നതിനിടയിലും നാളെമുതൽ നിയമലംഘനം നടത്തുന്ന ബസുകൾ നിരത്തിൽ വേണ്ടെന്ന ഹൈക്കോടതി നിർദ്ദേശത്തിനും പിറകെയാണ് സ്വകാര്യ ബസ് സംഘടന ഇത്തരത്തിൽ പ്രസ്‌താവന നടത്തിയത്. സർക്കാർ പറയുന്ന സ്‌പീഡ് ഗവർണർ‌ ഫിറ്റുചെയ്‌താണ് ബസുകൾ സർവീസ് നടത്തി വരുന്നതെന്നും ഈ സ്‌പീഡ് ഗവർണറുകൾ റിപ്പയർ ചെയ്യാനുള‌ള കടകൾ പോലും സംസ്ഥാനത്തില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ബസുകളോട് സൗമ്യത വേണ്ടെന്നും ഫ്ളാഷ് ലൈറ്റും ഡിജെ സംവിധാനവുമൊക്കെയുള‌ള ബസിൽ കുട്ടികൾ വിനോദയാത്ര പോകേണ്ടതില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു.