കൊച്ചി: സാമ്പത്തിക പ്രതിസന്ധികളുടെ കാലത്ത് ബാങ്കുകൾക്കുള്ള സവിശേഷ പ്രാധാന്യത്തെയും സാമ്പത്തിക വിപണിയെ പൊതുവായി നിയന്ത്രിക്കുന്നതിൽ ബാങ്കുകൾക്കുള്ള പങ്കിനെയും കുറിച്ചുള്ള പഠനത്തിനും ഈ രണ്ടു ഘടകങ്ങളിലും സാമൂഹികാവബോധം ഉയർത്തിയതിനുമാണ് ബെൻ എസ്. ബർനാങ്കെ, ഡഗ്ളസ് ഡബ്ള്യു. ഡയമണ്ട്, ഫിലിപ് എച്ച്. ഡിബ് വിഗ് എന്നിവർക്ക് സാമ്പത്തിക നോബൽ പുരസ്കാരം ലഭിച്ചത്.
മൂവർസംഘത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ച അക്കാദമി പുരസ്കാര സമിതി, സാമ്പത്തിക അടിയന്തരാവസ്ഥക്കാലം സമൂഹത്തെ അടിമുടി ബാധിക്കുന്ന സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് എത്തുന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിൽ ഇവരുടെ ഗവേഷണ നേട്ടങ്ങൾ സവിശേഷ പങ്കു വഹിക്കുമെന്ന് വിലയിരുത്തി. ബാങ്കുകളുടെ പൊതുവായ പ്രശ്നങ്ങൾ, ബാങ്ക് നിയമങ്ങൾ, ബാങ്ക് മേഖലയിലെ പ്രതിസന്ധികൾ, ഇവയെ എങ്ങനെ കൈകാര്യം ചെയ്യാം തുടങ്ങിയ മേഖലകളിലേയ്ക്ക് വെളിചരചം വീശുന്നവയാണ് ഗവേഷണത്തിലെ കണ്ടെത്തലുകളെന്നും സമിതി അഭിപ്രായപ്പെട്ടു.
പ്രതിസന്ധിക്കാലത്തെ ബാങ്കുകളുടെ നിലനിൽപ്, ബാങ്കുകൾ നേരിടേണ്ടി വരുന്ന തകർച്ചയെക്കുറിച്ചുള്ള കിംവദന്തികൾ, അവയെ ലഘൂകരിക്കുന്നതിൽ സമൂഹത്തിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഡയമണ്ട്, ഡിബ് വിഗ് എന്നിവർ സാങ്കൽപിക മോഡലുകൾ തയ്യാറാക്കുകയാണ് ചെയ്തത്. സർക്കാരുകളിൽ നിന്ന് നിക്ഷേപങ്ങൾക്കുള്ള പരിരക്ഷയാണ് ഇവർ ഇതിന് കണ്ടെത്തിയ പരിഹാരം. ബാങ്കുകൾ വഹിക്കുന്ന സാമൂഹികമായ കടമകളെക്കുറിച്ച് ഡയമണ്ട് ഉൗന്നിപ്പറഞ്ഞു. നിക്ഷേപകർക്കും വായ്പയെടുക്കുന്നവർക്കും ഇടയിലുള്ള മദ്ധ്യവർത്തികളായി ബാങ്കുകൾ വർത്തിക്കുന്നു.
പ്രതിസന്ധിയുടെ കാലത്ത് ബാങ്കുകളുടെ പ്രവർത്തനം എത്രത്തോളം നിർണായകമാണെന്നാണ് ബർനാങ്കെ എടുത്തുകാട്ടിയത്. 1930 ലെ വലിയ സാമ്പത്തിക മാന്ദ്യത്തെ പഠനവിധേയമാക്കിയാണ് ഇത് അദ്ദേഹം വ്യക്തമാക്കിയത്.